ഗുരുവായൂർ: ഇന്ന് ക്ഷേത്രത്തിൽ ഏറ്റവും പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി നടക്കും. രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് താന്ത്രിക മന്ത്രധ്വനികളോടെ ഉത്സവബലി നടക്കുക. വൈകിട്ട് നാല് മണി വരെ ചടങ്ങുകൾ നീണ്ട് നിൽക്കും. അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്.
ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി. ക്ഷേത്രത്തിന്റെ സമഗ്രമായ മേൽനോട്ടം വഹിക്കുന്ന ക്ഷേത്രപാലകന് ബലിതൂവുന്നതോടെയാണ് ഉത്സവബലി ചടങ്ങുകൾക്ക് സമാപനമാകുക. ഇന്ന് രാവിലെ പതിനൊന്ന് മുതലാണ് ഉത്സവബലി ദർശനം. മുപ്പത്തിമുക്കോടി ദേവന്മാരും ഭഗവത്ദർശനത്തിന് ഈ സമയത്ത് എത്തുമെന്നാണ് സങ്കൽപ്പം.