ഗുരുവായൂർ: നാളെ ക്ഷേത്രത്തിൽ പള്ളിവേട്ട ചടങ്ങുകൾ നടക്കും. ഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനും ദുഷ്ടനിഗ്രഹത്തിനുമായി ക്ഷേത്രമതിലകം വിട്ട് പുറത്തിറങ്ങുന്ന ദിവസമാണ് പള്ളിവേട്ട. വൈകിട്ട് ഗുരുവായൂരപ്പനെ സ്വർണ്ണപഴുക്കാ മണ്ഡപത്തിൽ കൊടിമരത്തറയ്ക്കൽ എഴുന്നള്ളിച്ച് വെയ്ക്കും. തുടർന്ന് ദീപാരാധന നടത്തിയ ശേഷമാണ് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുക. വർഷത്തിൽ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ മാത്രമാണ് ഗ്രാമപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പൻ പുറത്തേയ്ക്ക് എഴുന്നള്ളുക.
ഗ്രാമപ്രദക്ഷിണത്തിനിറങ്ങുന്ന ഗുരുവായൂരപ്പനെ നിറപ്പറ വച്ച് സ്വീകരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം വക പറവെപ്പ് മാത്രമേ ഇത്തവണ ഉണ്ടാകുകയുള്ളൂ. എഴുന്നള്ളിപ്പിന് വാദ്യങ്ങളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തും. ആഘോഷങ്ങളില്ലാതെ ചടങ്ങുമാത്രമായാണ് ഇത്തവണ ഉത്സവം നടത്തുന്നത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി മേളം അവസാനിച്ചതിന് ശേഷം ഗുരുവായൂരപ്പനെ പിടിയാനപ്പുറത്ത് പള്ളിനായാട്ടിനായി എഴുന്നള്ളിക്കും. പള്ളിവേട്ട ചടങ്ങിൽ ദേവസ്വം പന്നി വേഷം മാത്രമേ ഇത്തവണ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ..