പാവറട്ടി : മകൻ തീകൊളുത്തി ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. മുല്ലശ്ശേരി പഞ്ചായത്തിലെ മാനിനയിൽ വാഴപ്പിള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവാണ് (82) മകന്റെ ആക്രമണത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 8.20നായിരുന്നു സംഭവം. മകൻ ഉണ്ണിക്കൃഷ്ണൻ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടത്രേ. മകൻ ദേഷ്യപ്പെട്ടപ്പോൾ പ്രാണരക്ഷാർത്ഥം മുറ്റത്തേക്ക് ഇറങ്ങിയ വള്ളിയമ്മുവിന്റെ ദേഹത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പെയ്ന്റിൽ ചേർക്കുന്ന തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള വള്ളിയമ്മുവിന് ഓടി രക്ഷപ്പെടാനായില്ല. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കെ.ബി വീണ മരണമൊഴി രേഖപ്പെടുത്തി. അമ്മയെ ഉപദ്രവിച്ചതിന്റെ പേരിൽ ഉണ്ണിക്കൃഷ്ണന്റെ പേരിൽ നിരവധി കേസുകൾ ഉണ്ട്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മക്കൾ: പ്രതിയായ ഉണ്ണിക്കൃഷ്ണൻ, ലളിത, പ്രസീത. മരുമക്കൾ: അജിത, വേലായുധൻ, സജീവൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും....