വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്തിൽ റിസോർട്ടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്ത് തല അവലോകന യോഗം തീരുമാനിച്ചു. ആരെയും റിസോർട്ടിൽ നിന്ന് പുറത്തേക്കും പുതിയവരെ റിസോർട്ടിലേക്കും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉറപ്പുവരുത്തും.
നിർദ്ദേശം പാലിക്കുന്നില്ലെങ്കിൽ നടപടിയെടുക്കാൻ ഹെൽത്ത് ഇൻസ്പെക്ടറെ യോഗം ചുമതലപ്പെടുത്തി. കൊറോണയുമായി ബന്ധപ്പെട്ട് തളിക്കുളത്ത് ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത അദ്ധ്യക്ഷത വഹിച്ചു. വിദേശത്തു നിന്ന് മടങ്ങിവരുന്നവരെ കണ്ടത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി പഞ്ചായത്ത് തല ആർ.ആർ.ടി സമിതി രൂപീകരിച്ചു. എല്ലാ വാർഡുകളിലും സമിതികൾ രൂപീകരിക്കും. വീടുകളിൽ കഴിയുന്നവർക്കും കുടുംബാംഗങ്ങൾക്കുമായി ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. കെ.കെ രജനി, സന്ധ്യാ രാമകൃഷ്ണൻ, ഇ.പി.കെ സുഭാഷിതൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ഹനീഷ് കുമാർ, പ്രമീള സുദർശനൻ, പി.എസ് സുൽഫിക്കർ, കെ.എ ഹാറൂൺ റഷീദ്, പഞ്ചായത്ത് സെക്രട്ടറി എ.ആർ ഉന്മേഷ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് തല ആർ.ആർ.ടി സമിതിയുടെ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റും കൺവീനർ മെഡിക്കൽ ഓഫീസറുമാണ്.