കളക്ടറുടെ സാന്നിദ്ധ്യത്തിൽ രാത്രിയിൽ അടിയന്തര യോഗം


തൃശൂർ: ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 21 കാരനിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇയാൾ പങ്കെടുത്ത പൊതുപരിപാടികളും, യാത്ര ചെയ്ത വഴികളും ബന്ധപ്പെട്ടവരെ കുറിച്ചും പരിശോധിച്ചു തുടങ്ങിയതായി കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം വന്ന ഉടനെ കളക്ടർ എസ്. ഷാനവാസ് ജനറൽ ആശുപത്രിയിൽ എത്തി അധികൃതരുമായി ബന്ധപ്പെട്ടു.

യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടർ മാദ്ധ്യമങ്ങളെ അറിയിച്ചു. പത്തനംതിട്ട സ്വദേശികൾക്കൊപ്പം യാത്ര ചെയ്ത 11 പേരിൽ ഒരാളാണ് യുവാവ്. ഇവിടെ എത്തിയ ശേഷം ബന്ധുവിന്റെ വിവാഹ നിശ്ചയത്തിൽ ഉൾപ്പെടെ പങ്കെടുത്തു. ഇക്കഴിഞ്ഞ ഏഴിനാണ് ഐസോലേഷൻ വാർഡിൽ പ്രവേശിച്ചത്. ഇയാൾ പോയിട്ടുള്ള സ്ഥലങ്ങളും ബന്ധപ്പെട്ടവരെയും അറിയുന്നതിന് റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. അഞ്ച് പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. ഇവരുടെ സാമ്പിൾ ഫലം കൂടി വരാനുണ്ട്. രാത്രിയിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം കളക്ടറുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന് അടിയന്തര സാഹചര്യം വിലയിരുത്തി. ഡി.എം.ഒ കെ.ജെ റീനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.