തൃശൂർ : ജില്ലയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ ജാഗ്രത കൂടുതൽ ശക്തമാക്കി. ജില്ലാ ആശുപത്രിയിൽ ഐസോലേഷൻ വാർഡിലാണ് രോഗം സ്ഥിരീകരിച്ച യുവാവ് കഴിയുന്നത്. രോഗ വിവരം പുറത്ത് വന്നതോടെ ആശുപത്രി പരിസരത്ത് നിന്ന് ആളുകൾ ഒഴിഞ്ഞു പോയി. അതേ സമയം ഭയപ്പെടുന്ന സാഹചര്യം നിലവിൽ ഇല്ലെന്ന് ജില്ലാ കളക്ടറും ഡി.എം.ഒ റീനയും പറഞ്ഞു. സർക്കാർ നൽകുന്ന നിർദ്ദേശം പൂർണ്ണമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
ബസുകളിലും മറ്റും ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അതേ സമയം സമൂഹ മാദ്ധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചരണം ഇപ്പോഴും തുടരുകയാണ്. നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിലാണ് പ്രചരണം.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തും. രോഗലക്ഷണം തോന്നിയാൽ സ്വമേധയാ ആശുപത്രിയിൽ പോകാതെ കൺട്രോൾ റൂമിൽ വിവരം അറിയിച്ച് അവരുടെ വാഹനത്തിൽ പോകുക. റെയിൽവേ സ്‌റ്റേഷനുകളിലും അതിർത്തികളിലും ശക്തമായ നിരീക്ഷണമുണ്ടാവും. റെയിൽവേ സ്‌റ്റേഷനുകളിൽ അനൗൺസ്‌മെന്റ് നടത്തും.
നിരീക്ഷണത്തിൽ 1270 പേർ
വീടുകളിൽ 1197 പേർ
ആശുപത്രികളിൽ 73 പേർ
ആശുപത്രി വിട്ടത് 13 പേർ
കൗൺസിലിംഗ് നൽകിയത് 39 പേർക്ക്
കൺട്രോൾ നമ്പറുകൾ
കളക്ടറേറ്റ് 0487 2362424, 9447074424,1077
ജില്ലാ മെഡിക്കൽ ഓഫീസ് 0487-2320466,9961488206,9447635407
ഗവ. മെഡിക്കൽ കോളേജ് - 8547873420
ദിശ 1056