election-order
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

മാള: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തെളിവെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിറുത്തലാക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കുമ്പോഴും വോട്ടർ പട്ടികയിൽ പേര് ചേർക്കൽ നടക്കുന്നുവെന്ന കേരള കൗമുദി വാർത്തയെ തുടർന്നാണ് കമ്മിഷൻ സെക്രട്ടറി എ. സന്തോഷ് ഇന്നലെ ഉത്തരവിറക്കിയത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ഓൺലൈൻ അപേക്ഷയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ, ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ തടസവാദങ്ങളില്ലെങ്കിൽ പേര് ഉൾപ്പെടുത്തുന്നതിന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിറങ്ങിയതോടെ, പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും നഗരസഭകളിലും ഇന്നലെ രാവിലെ തുടങ്ങിയ തെളിവെടുപ്പ് നിറുത്തി വച്ചു. നടപടിക്രമങ്ങൾക്കായി ഓരോ പഞ്ചായത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ശരാശരി 250 പേരാണ് ദിവസവും എത്തിയിരുന്നത്. പേര് ചേർക്കുന്നതിനുള്ള അവസാന തിയതി ഈ മാസം 16 ഉം, തെളിവെടുപ്പ് 23 വരെയുമാണ് .