തൃശൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങൾക്ക് മാർച്ച് 31വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഏപ്രിൽ 7 വരെയാക്കാൻ തീരുമാനിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നടത്തുന്ന ഉത്സവാഘോഷങ്ങൾ കൂടുതലും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരാത്ത തരത്തിൽ പ്രധാന ചടങ്ങുകൾ മാത്രമായി അതാത് സമയത്തു തന്നെ നടത്താനാണ് തീരുമാനിച്ചത്. കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് കോഴിക്കല്ല് മൂടൽ, അശ്വതി കാവ് തീണ്ടൽ, ആറാട്ടുപുഴ-പെരുവനം പൂരത്തിനോടനുബന്ധിച്ചുള്ള തൃപ്രയാർ മകീരം പുറപ്പാട്, പങ്കാളിത്ത ക്ഷേത്രങ്ങളിലെ കൊടിയേറ്റം, പൂരം പുറപ്പാട്, പൈനൂർ പാടത്ത് ചാലുകുത്തൽ, പിടിക്കപറമ്പ് ആനയോട്ടം തുടങ്ങി നിരവധി ചടങ്ങുകൾ ആഘോഷങ്ങളില്ലാതെ നടത്തുന്നതിനാണ് തീരുമാനം. സർക്കാരും ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അസിസ്റ്റന്റ് കമ്മിഷണർമാർക്കും ദേവസ്വം മാനേജർമാർക്കും ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.ബി മോഹനൻ അറിയിച്ചു.