കയ്പമംഗലം: എല്ലാവർക്കും റേഷൻ സാധനങ്ങൾ ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സർക്കാരിനോട് ആവശ്യപെട്ടു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി റേഷൻ കടയിലെ പഞ്ചിംഗ് സംവിധാനം സർക്കാർ നിറുത്തലാക്കിയിരിക്കുകയാണ്. ഇതുമൂലം റേഷൻ കാർഡുമായി മൊബൈൽ ലിങ്ക് ചെയ്യാത്തവർക്കും ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നിലവിലില്ലാത്തവർക്കും റേഷൻ സാധനങ്ങൾ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് നേരിട്ട് കത്ത് നൽകി. ഇത്തരക്കാർക്ക് പഴയ രീതിയിലോ മാനുവലായോ റേഷൻ നൽകാൻ അടിയന്തര നടപടി വേണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. എം.എൽ.എയുടെ ആവശ്യം പരിഗണിച്ച മന്ത്രി ഉടൻ ഉത്തരവിറക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തി.