തൃശൂർ: ജില്ലയിലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയ 385 പേർ നിരീക്ഷണത്തിൽ. അതേസമയം പരിശോധനയ്ക്ക് അയച്ച 33 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. ഇന്നലെ 23 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചു. 105 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ 1,499 പേർ വീടുകളിലും 72 പേർ ആശുപത്രിയിലുമായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ പത്തുപേരടങ്ങുന്ന ട്രേസിംഗ് ടീമിനെ കൂടി ഉൾപ്പെടുത്തി സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്ന് കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.

ഹൈ റിസ്‌ക് ഗണത്തിൽ ആരും ഇപ്പോൾ ജില്ലയിലില്ല. മാർച്ച് 16 മുതൽ സാമ്പിളുകൾ തൃശൂർ മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കും. നിലവിൽ ആലപ്പുഴയിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നത്. തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ കൂടെ വാഹനത്തിൽ സഞ്ചരിച്ച ബന്ധുവിന്റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പനിയെ തുടർന്ന് അമ്മയ്‌ക്കൊപ്പം ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.