തൃശൂർ: കോവിഡ് 19 വൈറസിനെതിരെ നിശ്ചിതമായ ചികിത്സാ ഇല്ലാത്ത സാഹചര്യത്തിൽ, ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിലെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി ആയുർവേദ ചികിത്സാ സമ്പ്രദായം രൂപപ്പെടുത്തുന്നതിന് സർക്കാർ തയ്യാറാകണമെന്ന് ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുർവേദ വിഭാഗത്തെ വ്യാപകമായി സർക്കാർ ഉപയോഗപ്പെടുത്തിയിരുന്നു. ആയുർവേദത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശാസ്ത്രീയമായ ചികിത്സാരീതികൾ ഫലപ്രദമായി നിലവിലുള്ളപ്പോൾ ആ സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്ന് എ.എം.എം.ഒ.ഐ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്വാറന്റൈൻ ചെയ്യപ്പെട്ട് പ്രത്യേകിച്ച് വൈദ്യസഹായമൊന്നുമില്ലാതെ കഴിയുന്ന ജനങ്ങളിലേക്കും ആയുർവേദത്തിന്റെ മുൻകരുതലുകളും സാദ്ധ്യതകളും എത്തിക്കുന്നത് സംസ്ഥാനത്തിന്റെ ഭാവി ഹെൽത്ത് പോളിസിക്ക് പ്രയോജനപ്പെടും. ഡോ. സാദത്ത് ദിനകർ, ഡോ. സി.എസ് കൃഷ്ണകുമാർ, ഡോ. പി. രാംകുമാർ, ഡോ. രാഹുൽ ആർ. നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വൈദ്യനിർദ്ദേശത്തോടെ സ്വീകരിക്കാം:

അപരാജിതാചൂർണം പുകയ്ക്കൽ

പഞ്ചകോലമിട്ട കഞ്ഞി

ദാഹശമനിയിട്ട് തിളപ്പിച്ച കുടിവെള്ളം

ഷഡംഗ പാനീയം

ശ്രദ്ധിക്കാൻ:

ലഘുവായ ആഹാരം ചൂടോടെയും വൃത്തിയോടെയും കഴിക്കുക.
തൈര്, ഉഴുന്ന്, പഞ്ചസാര, തണുത്ത പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കുക
രാത്രിയിൽ തല നനയ്ക്കാതിരിക്കുക, നേരത്തിനുള്ള ഉറക്കം
ആവശ്യത്തിനുള്ള വ്യായാമം, യോഗ, പ്രാണായാമം എന്നിവ ശീലിക്കുക
വീടുകളിൽ വായുസഞ്ചാരമുള്ള മുറികൾ സജ്ജീകരിക്കുക.
അണുവർദ്ധനയ്ക്ക് കാരണമാകുന്നതിനാൽ ഈർപ്പമുള്ള മുറികൾ ഒഴിവാക്കുക.