ഗുരുവായൂർ: ഉച്ചപൂജയ്ക്കായി ഗുരുവായൂരപ്പൻ നാളെ ഇടത്തരികത്തുകാവ് ഭഗവതിയുടെ സമീപത്തെത്തും. വർഷത്തിൽ ആറാട്ട് ദിവസം മാത്രമാണ് ഗുരുവായൂരപ്പന് ഇടത്തരികത്തുകാവ് ഭഗവതിയുടെ സമീപം ഉച്ചപൂജ നടക്കുന്നത്. ആറാട്ട് കഴിഞ്ഞാൽ ഗുരുവായൂരപ്പനെ ഭഗവതി അമ്പലത്തിലേക്കാണ് എഴുന്നള്ളിക്കുന്നത്.

വർഷത്തിൽ ഒരു ദിവസം താൻ അവിടെ വന്ന് കണ്ടു കൊള്ളാമെന്ന് ഗുരുവായൂരപ്പൻ ഇടത്തരികത്ത് കാവ് ഭഗവതിയോട് അരുളിച്ചെയ്തിട്ടുണ്ടത്രേ. ദേവഗുരുവും, വായു ദേവനും ചേർന്ന് ഗുരുവായൂരപ്പ വിഗ്രഹം പ്രതിഷ്ഠിക്കാനായി വന്നപ്പോൾ സ്ഥലം നിർണയിച്ചത് ദേവിയായിരുന്നു. രുദ്രതീർത്ഥത്തിൽ തപസനുഷ്ഠിച്ചിരുന്ന ശിവൻ മമ്മിയൂർക്ക് മാറിയതും ദേവിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു. ഇതേത്തുടർന്ന് വർഷത്തിൽ ഒരു ദിവസം ഇവിടെവെച്ച് നാം തമ്മിൽ കാണാമെന്ന് ഭഗവാൻ ദേവിയോട് പറഞ്ഞതായും അന്നേ ദിവസം ഭക്ഷണവും ദേവിയുടെ അടുത്ത് നിന്നാകുമെന്നും അരുൾ ചെയ്തിരുന്നതായാണ് ഐതിഹ്യത്തിൽ പറയുന്നത്. ഭഗവതി ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞാണ് ഉത്സവം കൊടിയിറക്കുന്നതിനായി ഗുരുവായൂരപ്പൻ ആനപ്പുറത്ത് എഴുന്നള്ളുക.