ഗുരുവായൂർ: ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന ആറാട്ട് ചടങ്ങ് മാത്രമായി നടത്തും. ഭക്തജനങ്ങൾക്ക് ആറാട്ട് കുളിക്കാനാകില്ല. ക്ഷേത്രക്കുളം അടച്ചുപൂട്ടി. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്ഷേത്രക്കുളം ഇന്നലെ അടച്ചത്. ക്ഷേത്രോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭക്തർക്ക് ആറാട്ട് കുളിക്കാനാകാത്ത അവസ്ഥയുണ്ടാകുന്നത്.
സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ക്ഷേത്രോത്സവം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുമാത്രമായി നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. ഉത്സവം എട്ടാം ദിവസം സർവചരാചരങ്ങൾക്കും അന്നം നൽകുക എന്ന സങ്കൽപ്പത്തിൽ ദേശപ്പകർച്ച നൽകി വരാറുള്ളതും ഇന്നലെ ഉണ്ടായില്ല. എട്ടാം വിളക്ക് ദിവസം പകർച്ചയോടൊപ്പം നൽകുന്ന അച്ചാർ, ഇഞ്ചിംപുളി എന്നിവ ഇന്നലെ ഭക്തർക്ക് വിതരണം ചെയ്തു. ഇവ നേരത്തെ തയ്യാറാക്കി വച്ചിരുന്നതാണ്...