ചാലക്കുടി: മലക്കപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ ടയറുകൾ അള്ളു വച്ച് പഞ്ചറാക്കുന്ന വിരുതനെയും ഇതിന് ഒത്താശ ചെയ്ത സ്വകാര്യ ബസുടമയെയും പൊലീസ് പിടികൂടി. മലക്കപ്പാറ സ്വദേശി പ്രദീപ് (24), വെട്ടിക്കുഴി വാഴപ്പറമ്പിൽ ജേക്കബ് (57) എന്നിവരാണ് അറസ്റ്റിലായത്.
കുറച്ച് കാലമായി മലക്കപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ ടയറുകൾ പഞ്ചറാവുന്നത് പതിവായിരുന്നു. അള്ള് വച്ചാണ് പഞ്ചറാകുന്നതെന്ന് മനസിലാക്കി കെ.എസ്.ആർ.ടി.സി ഡിപ്പോ മാനേജർ പൊലീസിൽ പരാതി നൽകി. ഈയിടെ ടയർ പഞ്ചറായതിനെ തുടർന്ന് മൂന്ന് സർവീസുകൾ നിറുത്തലാക്കേണ്ടി വരികയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
കുപ്പികളിൽ ആണി നിറച്ചാണ് ടയറുകൾക്ക് സമീപം കൊണ്ടുവന്നിട്ടിരുന്നത്. റൂട്ടുകളിലെ സമയത്തെ ചൊല്ലി കുറച്ച് നാളുകളായി കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കൂടുതൽ യാത്രക്കാരെ തങ്ങൾക്ക് ലഭിക്കുന്നതിനായി ഇതേറൂട്ടിൽ ഓടുന്ന മരിയ എന്ന ബസിന്റെ ഉടമ ജേക്കബ്ബാണ് അള്ളു വയ്ക്കുന്നതിന് തന്ത്രങ്ങൾ ആവിഷ്‌കരിച്ചതെന്ന് പൊലീസ് പറഞ്ഞു.