വാടാനപ്പിള്ളി: കോവിഡ് 19 തൃശൂരിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തീരദേശത്ത് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ. രോഗ ബാധയുള്ള യുവാവ് ബന്ധപ്പെട്ട ചേറ്റുവയിലെ ബന്ധുക്കളുടെ രക്ത സാമ്പിൾ ഇന്ന് പരിശോധനയ്‌ക്കെടുക്കും. യുവാവിന്റെ ബന്ധുക്കളായ അമ്മയുടെയും മകളുടെയും സാമ്പിളാണ് പരിശോധിക്കുന്നത്. ഉംറയിൽ നിന്നും തിരിച്ചെത്തിയ ഏങ്ങണ്ടിയൂർ സ്വദേശിനിയുടെ രക്ത സാമ്പിളും പരിശോധനയ്ക്കയക്കും.
ഇവരെല്ലാം വീടുകളിൽ ഐസൊലേഷനിലാണ്. കൂടുതൽ ജാഗ്രത ആവശ്യമായതിനാൽ ഇവരെ ഇന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയേക്കും. നിലവിൽ ഇവരിലാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. വാടാനപ്പിള്ളിയിൽ 32 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. വിദേശത്തു പോയി വന്നവരാണിവർ. രണ്ട് പേരുടെ രക്ത സാമ്പിൾ പരിശോധനയ്‌ക്കെടുത്തു. എന്നാൽ ഇതേവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. തളിക്കുളത്ത് 92 പേരാണ് ക്വാറന്റൈനിലുള്ളത്. ക്രൊയേഷ്യ, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഖത്തർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്നവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ വിദേശ പൗരന്മാരുമുണ്ട്. ആർക്കും രോഗ ലക്ഷണം ഇല്ലാത്തതുകൊണ്ടു തന്നെ രക്ത സാമ്പിൾ എടുത്തിട്ടില്ല. പതിനാലു ദിവസം വീടുകളിലും റിസോർട്ടുകളിലുമായി നിരീക്ഷണത്തിൽ തുടരും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്ത് പോകരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. റിസോർട്ടുകളിൽ കഴിയുന്നവരെ പുറത്ത് വിട്ടിട്ടില്ല.
നാട്ടികയിൽ 19 പേരാണ് നിരീക്ഷണത്തിലുള്ളത്. വലപ്പാട് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്നലെയും ആളുകൾ എത്തിച്ചേർന്നിട്ടുണ്ട്. നിലവിൽ ഇരുപതോളം പേരാണ് നിരീക്ഷണത്തിൽ. അതിനിടെ ഏങ്ങണ്ടിയൂരിലെ മുഴുവൻ വീടുകളിലും ബോധവത്കരണ പ്രവർത്തനം നടത്താൻ ഇന്നലെ ചേർന്ന പഞ്ചായത്ത്, ആരോഗ്യ വകുപ്പധികൃതരുടെ യോഗം തീരുമാനിച്ചു. ഓരോ വാർഡുകളിലും പഞ്ചായത്തംഗങ്ങൾ, ആശാ പ്രവർത്തകർ, അംഗൻ വാടി ജീവനക്കാർ, ജെ.എച്ച്.ഐമാർ എന്നിവർ ഉൾപ്പെട്ട സ്‌ക്വാഡുകൾ ഇറങ്ങും. ഭീതിപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, മെമ്പർ ഭാരതി, വാടാനപ്പിള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ആർ ബിജു, കർഷക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ ഹാരീസ് ബാബു , പി.കെ രാജേശ്വരൻ, സി.എസ് നാരായണൻ , ഗോവിന്ദൻ പൊറ്റയിൽ എന്നിവർ പങ്കെടുത്തു.