കൂടപ്പുഴ പവർ ഹൗസ് വാർഡിൽ മൊബൈൽ ടവർ നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ തടയുന്നു
ചാലക്കുടി: കൂടപ്പുഴ പവർ ഹൗസ് വാർഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മൊബൈൽ ടവർ നിർമ്മിക്കാൻ നടന്ന നീക്കം നാട്ടുകാർ തടഞ്ഞു. നഗരസഭാ കൗൺസിലർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ടവർ നിർമ്മിക്കുന്നതിന് നഗരസഭ നൽകിയ ലൈസൻസ് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗം റദ്ദാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്താൻ മൊബൈൽ ടവർ കമ്പനി ജീവനക്കാരെത്തിയത്. ഇതറിഞ്ഞ് കൗൺസിലർമാരും ജനങ്ങളും സംഭവ സ്ഥലത്തെത്തി. സംഘാർഷവസ്ഥ ഉണ്ടെന്നറിഞ്ഞ് പൊലീസും രംഗത്തുവന്നു. ഒച്ചപ്പാടും ബഹളവും തുടരുന്നതിനിടെ പൊലീസിന്റെ സാന്നദ്ധ്യത്തിൽ പ്രശ്‌നം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിർമ്മാണ പ്രവർത്തനം നിറുത്തി വയ്ക്കാൻ ജീവനക്കാർ തീരുമാനിച്ചു.
ഒരു വർഷം മുമ്പ് ടവർ നിർമ്മാണത്തിനായി ഇവിടെ കുഴിയെടുത്തിരുന്നു. തുടർന്ന് കോൺക്രീറ്റിംഗ് പ്രവർത്തികൾക്കായി എത്തിയപ്പോഴാണ് നാട്ടുകാർ തടസ്സപ്പെടുത്തിയത്. തുടർന്ന് ഹൈക്കോടതിയുടെ അനുമതി തേടി രണ്ടാഴ്ച മുമ്പ് കോൺക്രീറ്റിംഗിന് എത്തിയെങ്കിലും നാട്ടുകാർ തടഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണത്തോടെ പ്രവൃത്തികൾ നടത്താൻ ജീവനക്കാരെത്തിയത്. എന്നാൽ നഗരസഭ ലൈസൻസ് റദ്ദ് ചെയ്തുവെന്നും ഈ സാഹചര്യത്തിൽ നിർമ്മാണം നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. നഗരസഭ കൗൺസിലർമാരായ ബിജു.എസ്.ചിറയത്ത്, ഉഷ പരമേശ്വരൻ, ഉഷ സ്റ്റാലിൻ, റസിഡൻസ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പോൾ പാറയിൽ, ജനറൽ സെക്രട്ടറി ഡോ.കെ. സോമൻ, പി.ഡി. ദിനേശ് തുടങ്ങിയവരും പ്രക്ഷോഭത്തിന് നേതൃത്വം നൽകി.