കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ മാലിന്യം തള്ളിയ സ്ക്രാപ് കച്ചവടക്കാരനെ കൊടുങ്ങല്ലൂർ നഗരസഭ അധികൃതർ പിടികൂടി ശിക്ഷാ നടപടി സ്വീകരിച്ചു. കാവിൽ കടവിൽ സ്ക്രാപ് കച്ചവടം നടത്തുന്ന പാളയ തേവർ മകൻ മുത്തുവിനാണ് നഗരസഭ അധികാരികൾ10,000 രൂപ പിഴയടക്കുവാനും മാലിന്യം സ്വന്തം ചെലവിൽ മാറ്റുവാനും ഉത്തരവ് നൽകിയത്.
നഗരസഭ ടൗൺഹാളിന് സമീപത്തുള്ള ഒരു കച്ചവട സ്ഥാപനത്തിലെ പഴകിയ ഭക്ഷ്യവസ്തുക്കൾ, പഴകിയ അജൈവ മാലിന്യം നിറച്ച പെട്ടികൾ, ചാക്കുകൾ എന്നിവയാണ് ശേഖരിച്ച് പെട്ടി വണ്ടിയിൽ കയറ്റി ഇയാൾ ബൈപാസിലെ സർവീസ് റോഡിൽ തള്ളിയത്. മുത്തുവിനോടൊപ്പം രണ്ട് സഹായികളും മാലിന്യം ഇറക്കുന്നതിന് കൂട്ടുനിന്നു. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരനായ ശരത് ഫോട്ടോയെടുത്തു അത് നഗരസഭയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ തന്ത്രപരമായി മുത്തുവിനെ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ഹെൽത്ത് സൂപർവൈസർ ഗോപാലകൃഷ്ണൻ 10,000 രൂപ പിഴയടയ്ക്കുവാനും മാലിന്യം സ്വന്തം ഉത്തരവാദിത്വത്തിൽ മാറ്റുവാനും ഉത്തരവ് നൽകുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം എറിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.