കോടാലി: വീട്ടമ്മയുടെ മാല പൊട്ടിച്ചതിന്റെ പിറ്റേന്ന് വീടിന്റെ ചുമരിൽ അടയാളപ്പെടുത്തിയത് പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കി. മാങ്കുറ്റിപ്പാടം മാമ്പിലായിൽ സുധാകരന്റെ ഭാര്യയുടെ മാലയാണ് പൊട്ടിച്ചത്. പിറ്റേന്നാണ് വീടിന്റെ ചുവരിൽ അടയാളപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടത്. ഇന്നലെ രാവിലെയാണ് വീടിന്റെ പിറകുവശത്തുള്ള ഭിത്തിയിൽ രണ്ട് എന്ന് എഴുതി വട്ടം വരക്കുകയും അതിനുള്ളിലും പുറത്തുമായി രണ്ട് ആരോ മാർക്കുമാണ് അടയാളപ്പെടുത്തിയത്. വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ വീടിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയ ഷീലയെ ആരോ പിറകിൽ നിന്ന് കഴുത്തിലും മുടിയിലും പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം ഷീലയുടെ കൈയിൽ കിട്ടിയെങ്കിലും ബാക്കി ഭാഗം നഷ്ടപ്പെട്ടു.