തൃശൂർ : കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ നിന്ന് വരുന്ന ബസുകളിൽ വ്യാപക പരിശോധന. പാലക്കാട് - തൃശൂർ ദേശീയപാതയിൽ മണ്ണുത്തിയിൽ വച്ചായിരുന്നു പരിശോധന. ആരോഗ്യ വകുപ്പും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. 30 അന്തർ സംസ്ഥാന ബസുകളിലായി 768 പേരെയാണ് പരിശോധിച്ചത്. ദോഹയിൽ നിന്ന് ബംഗളൂരുവിലെത്തി അവിടെ നിന്ന് ബസിൽ വരികയായിരുന്ന ഒരാളെ നിരീക്ഷണത്തിലാക്കി. വെള്ളിയാഴ്ച്ചകളിൽ നിരവധി പേർ അന്യസംസ്ഥാനങ്ങളിൽ അവധിക്ക് നാട്ടിലേക്ക് വരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാന ടിക്കറ്റുകൾ കൂട്ടായി റദ്ദാക്കിയതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ബംഗളൂരുവിൽ വിമാനമിറങ്ങി കേരളത്തിലേക്ക് വരുന്നുണ്ട്.