മാള: പുത്തൻചിറ സർവീസ് സഹകരണ ബാങ്കിൽ നിന്ന് എട്ട് കോടിയിലധികം നികുതി തിരിച്ച് പിടിക്കാനുള്ള നടപടികളുടെ ഭാഗമായി ആദായനികുതി വകുപ്പുമായി നാളെ ചർച്ച നടത്തും. ആദായനികുതി കമ്മീഷണറുമായി ബാങ്ക് അധികൃതർ നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാകും നികുതിയായി നൽകുന്നത്. കഴിഞ്ഞ രാത്രിയിൽ നികുതിയായി നൽകേണ്ട തുകയുടെ ഡി.ഡി കൊണ്ടുപോകാനുള്ള ആദായനികുതി വകുപ്പിന്റെ ശ്രമത്തിനെതിരെ സഹകാരികൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് രാത്രി വൈകി തിങ്കളാഴ്ച ചർച്ച നടത്താമെന്ന ധാരണ ഒപ്പിട്ടതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.ഡി.കൊണ്ടുപോകാതെ അധികൃതർ മടങ്ങിയത്.

കേന്ദ്ര നിയമം അനുസരിച്ച് നൽകേണ്ട നികുതി അടയ്ക്കുന്നത് സംബന്ധിച്ച് ബാങ്കുമായി കേസ് നിലനിന്നിരുന്നു. ആ കേസിൽ തടസം ഒഴിവായതോടെയാണ് അധികൃതർ ബാങ്കിൻ്റെ മാണിയംകാവിലെ മുഖ്യ ഓഫീസിലെത്തിയത്. സ്ഥിര നിക്ഷേപത്തിൻ്റെ നികുതിയായി ഇത്രയും തുക ഒരുമിച്ച് കൊണ്ടുപോകുന്നതിനെതിരെയാണ് നിക്ഷേപകർ അടക്കം പ്രതിഷേധിച്ചത്. ഇതിനിടയിൽ മാള പൊലീസും സ്ഥലത്തെത്തി. ആദായനികുതി അധികൃതർ പകപോക്കൽ പോലെയാണ് സഹകരണ ബാങ്കിനോട് പെരുമാറിയതെന്നും പല സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ഇളവുകളുണ്ടെന്നും സഹകാരികൾ പറയുന്നു. അതേസമയം നിയമപ്രകാരം നികുതി അടയ്ക്കാതിരുന്നത് പിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ തടസവാദം ഉന്നയിച്ച് തടസപ്പെടുത്താനാണ് ചിലർ ശ്രമിച്ചതെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകിയ വിശദീകരണം. ആദായനികുതി വകുപ്പിന്റെ നടപടി സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും അതേസമയം ഇതുമായി ബന്ധപ്പെട്ട കോടതിയിലെ കേസ് നടത്തിപ്പിൽ ബാങ്ക് ഭരണസമിതി വീഴ്ച വരുത്തിയതായും കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.പി സോണി വാർത്താക്കുറിപ്പിൽ അറിയിച്ചു.