വൈറോളജി ലാബ് തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രതാപൻ
തൃശൂർ: കൊറോണ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഐ.സി.യു പ്രവർത്തനം ആരംഭിക്കും. ടി. എൻ പ്രതാപൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15.6 ലക്ഷം രൂപ വിനിയോഗിച്ചാണ് വെന്റിലേറ്റർ സ്ഥാപിക്കുക. മെഡിക്കൽ കോളേജിലേക്ക് അടിയന്തരമായി ഒരു പോർട്ടബിൾ വെന്റിലേറ്റർ വാങ്ങുന്നതിനു എം.പിയുടെ ഫണ്ടിൽ നിന്നും 6.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ അത്യാവശ്യമായി വെന്റിലേറ്റർ ഐ.സി.യു അനുവദിക്കണം എന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ ആവശ്യം പരിഗണിച്ചാണ് 10.5 ലക്ഷം രൂപ കൂടെ അനുവദിച്ച് വെൻറിലേറ്റർ ഐ.സി .യു സ്ഥാപിക്കുന്നത്. ആസൂത്രണ ഭവൻ ഹാളിൽ നടന്ന ഉന്നത തല യോഗത്തിലാണ് എം.പി ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ തൃശൂർ മെഡിക്കൽ കോളേജിൽ വൈറോളജി ലാബ് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കോവിഡ് 19 ആയി ബന്ധപ്പെട്ട രക്ത പരിശോധനക്ക് കാല താമസം നേരിടില്ല.