എരുമപ്പെട്ടി: പച്ചക്കറി കൃഷിയിൽ മികച്ച കർഷകനുള്ള ജില്ലാതല അവാർഡ് ഇത്തവണയും വേലൂർ തണ്ടിലം സ്വദേശി ദിലീപിന്. കാർഷിക രംഗത്ത് പുതുപരീക്ഷണങ്ങൾ നടത്തി വിജയം കണ്ടെത്തിയാണ് ദിലീപ് അവാർഡിന് അർഹനായത്. ഗുണമേന്മയിൽ പ്രാധാന്യം നൽകി കൊണ്ട് ആവശ്യമുള്ളവ ഉത്പാദിപ്പിക്കാൻ ദിലീപിന് സാധിച്ചു.
തണ്ടിലം പ്രദേശത്ത് വിവിധയിടങ്ങളിലായി പാട്ടത്തിനെടുത്ത് തുടങ്ങിയ കൃഷി ഇപ്പോൾ ആറ് ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ്. ഓണത്തിന് പാകമാകുന്ന നേന്ത്രക്കുലകൾ, റോബസ്റ്റ, വെണ്ട, വഴുതന, പയർ, കൂർക്ക, ചീനമുളക്, ചേന തുടങ്ങിയവയും, ഇഞ്ചി, മഞ്ഞൾ, എന്നിവയും കൃഷി ചെയ്തു വരുന്നുണ്ട്. കൂടാതെ ചുക്കും മഞ്ഞൾ പൊടിയും പാക്കറ്റിലാക്കി വില്പനയും നടത്തുന്നുണ്ട്.
ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതിയായതിനാൽ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ദീർഘവീക്ഷണത്തോടെ കൃഷി ചെയ്താൽ ലാഭം ഉണ്ടാക്കാൻ മറ്റ് ജോലികൾ അന്വേഷിക്കേണ്ടി വരില്ലെന്ന് ഡ്രൈവറായിരുന്ന ദിലീപ് പറയുന്നു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളിയാണ് ദിലീപിന്റെ ഭാര്യ.