തൃശൂർ: നിരീക്ഷണത്തിലുള്ള 25 പേരുടെ ഒടുവിൽ വന്ന പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഇനി 80 പേരുടെ ഫലം വരാനുണ്ട്. 1571 പേരാണ് ഇതുവരെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 72 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തുകളും നഗരസഭകളും സമഗ്ര പ്രതിരോധ പ്രവർത്തം ആവിഷ്‌കരിക്കും. തൃശൂർ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല യോഗത്തിലാണ് ഈ തീരുമാനം. എ.സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കും.
സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും രോഗവ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് വാർഡ് തലം വരെ സമഗ്രമായ പ്രതിരോധ പ്രവർത്തനം നടപ്പാക്കും. കമ്മ്യൂണിറ്റി വോളണ്ടിയർ സേനയ്ക്ക് പ്രാദേശിക പരിശീലനം നൽകി അവരെ ഉപയോഗപ്പെടുത്തണം. വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കും. സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് രോഗ പ്രതിരോധത്തിന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദ്ദേശം നൽകും. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തികളിലും ശക്തമായ നിരീക്ഷണം ഉണ്ടാകും. കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണം സംഘടിപ്പിക്കും. വഴിയോരങ്ങളിൽ കഴിയുന്നവർക്ക് പ്രത്യേക പരിരക്ഷ ഒരുക്കും. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് സാമൂഹികവും മാനസികവുമായ പിന്തുണ ഉറപ്പാക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇക്കാര്യം നിർവഹിക്കും. വിദ്യാലയങ്ങൾ മാർച്ച് 31 വരെ അടച്ചിടും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെയും നിരീക്ഷിക്കണം. കുടിവെള്ള വിതരണം ജാഗ്രതയോടെ നടത്തണം. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എം.എൽ.എമാരായ കെ.വി അബ്ദുൾ ഖാദർ, ബി.ഡി ദേവസി, ഇ.ടി ടൈസൺ, മുരളി പെരുനെല്ലി, വി. ആർ സുനിൽകുമാർ, യു.ആർ പ്രദീപ്, അനിൽ അക്കര, ജില്ലാ കളക്ടർ എസ്. ഷാനവാസ് പങ്കെടുത്തു.
..............
രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാലയങ്ങളുടെ പങ്ക് ഉറപ്പുവരുത്താനാണ് അദ്ധ്യാപകരോടും ജീവനക്കാരോടും വിദ്യാലയങ്ങളിൽ എത്തണമെന്ന് നിർദ്ദേശിച്ചത്. ഓരോ വീടുകളിലെയും പ്രശ്‌നങ്ങൾ അദ്ധ്യാപകർ അറിയാൻ ശ്രമിക്കണം.
പ്രൊഫ. സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസമന്ത്രി
..............
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നത് നിയന്ത്രിക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനം ഉറപ്പാക്കും
അഡ്വ. വി. എസ് സുനിൽ കുമാർ
കൃഷിമന്ത്രി