ഗുരുവായൂർ: ക്ഷേത്രോത്സവം ഒമ്പതാം ദിനമായ ഇന്നലെ ഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനായിറങ്ങി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമായിരുന്നു ഗ്രാമപ്രദക്ഷിണം. വൈകിട്ട് ആറോടെ ഗുരുവായൂരപ്പനെ കൊടിമരത്തറയ്ക്കു സമീപം സ്വർണ്ണപഴുക്കാ മണ്ഡപത്തിലെഴുന്നള്ളിച്ച് വെച്ചായിരുന്നു ദീപാരാധന.
ദീപാരാധന ദർശിക്കാനെത്തിയ ഭക്തർ ഭഗവാനെ വന്ദിച്ച് കാണിക്കയർപ്പിച്ചു. ദീപാരാധനയ്ക്ക് ശേഷം ഗുരുവായൂരപ്പനെ സ്വർണ്ണക്കോലത്തിൽ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്ക് എഴുന്നള്ളിച്ചു. ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ നന്ദൻ സ്വർണ്ണക്കോലമേറ്റി. പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. വാളും പരിചയുമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരന്മാർ, കൊടി, തഴ, സൂര്യമറ എന്നിവയും അകമ്പടിയായി അണിനിരന്നു.
പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കെഗോപുരത്തിൽ കൂടി ക്ഷേത്രമതിലകത്ത് പ്രവേശിച്ച എഴുന്നള്ളിപ്പ് പ്രദക്ഷിണമായി വടക്കെ നടപ്പുരയിലെത്തി അവസാനിച്ചശേഷം പള്ളിവേട്ട ചടങ്ങുകൾ നടന്നു. ക്ഷേത്രത്തിനകത്ത് ഒമ്പത് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ഭഗവാൻ വേട്ടയാടി പിടിച്ചുവരുന്ന മൃഗത്തെയെന്ന് സങ്കൽപ്പിച്ച് പന്നിവേഷം കെട്ടിയ ദേവസ്വം പ്രതിനിധിയെ തണ്ടിലേറ്റി. ഇതോടെ പള്ളിവേട്ട ചടങ്ങുകൾക്ക് സമാപനമായി. തുടർന്ന് ഗുരുവായൂരപ്പനെ ക്ഷേത്രത്തിനകത്തേക്ക് പള്ളിയുറക്കത്തിനായി എഴുന്നള്ളിച്ചു. ഇന്ന് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആറാട്ട് നടക്കും. ആറാട്ടിന് ശേഷം ക്ഷേത്രം തന്ത്രി സ്വർണ്ണ ധ്വജത്തിലെ സപ്തവർണ്ണക്കൊടി ഇറക്കുന്നതോടെ പത്ത് ദിവസം നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് സമാപനമാകും...