ഗുരുവായൂർ: കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളിവേട്ട ആറാട്ട് സമയങ്ങളിൽ ക്ഷേത്രത്തിനകത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അറിയിച്ചു. എട്ടാം വിളക്ക് ദിവസം വൈകീട്ട് ശ്രീഭൂതബലിക്കും സ്വർണ്ണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വയ്ക്കുന്ന സമയത്തും ക്ഷേത്രത്തിനകത്തുണ്ടായ ഭക്തജനങ്ങളുടെ ക്രമാധീതമായ സാന്നിദ്ധ്യം കൂടുതൽ നിയന്ത്രണ് ഏർപ്പെടുത്തുന്നതിന് നിർബന്ധിതരാക്കിയിരിക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. ക്ഷേത്രം തന്ത്രിയുമായി ഭരണസമിതി അംഗങ്ങൾ കൂടിയാലോചിച്ച ശേഷമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു.
ആറാട്ട് ദിവസമായ ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം തന്ത്രി, മേൽശാന്തി, ഓതിക്കൻമാർ, ശാന്തിയേറ്റ നമ്പൂതിരിമാർ, ക്ഷേത്രം പ്രവൃത്തിയിൽ ചുമതലയുള്ള കീഴ്ശാന്തിമാർ, പരിചാരകർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. എല്ലാ ഭക്തജനങ്ങളും ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എ.വി. ഷാജി, കെ. അജിത്, ഇ.പി.ആർ. വേശാല, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവരും സംബന്ധിച്ചു.