ഗുരുവായൂർ: ഗുരുവായൂരപ്പൻ ഇന്നലെ പള്ളിയുറങ്ങിയത് ശ്രീകോവിലിന് പുറത്ത്. പള്ളിയുറക്കത്തിന് തടസമാകാതിരിക്കാൻ ഇന്നലെ രാത്രി ക്ഷേത്രത്തിൽ നാഴിക മണി അടിച്ചില്ല. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഗുരുവായൂരപ്പൻ ക്ഷേത്ര മുഖമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളിക്കട്ടിലിൽ വിരിച്ച പട്ടുകിടക്കയിലാണ് പള്ളിയുറങ്ങിയത്.

വെള്ളിക്കട്ടിലിന് ചുറ്റും മുളയറയിൽ ധാന്യങ്ങൾ മുളപ്പിച്ചത് നിരത്തിവെച്ചായിരുന്നു ശയ്യാഗൃഹമൊരുക്കിയത്. ക്ഷേത്രം അടിയന്തരക്കാരായ പത്തുകാർ വാരിയർമാർ കാവലാളുകളായി ചുറ്റും കിടന്നു. വർഷത്തിൽ പള്ളിവേട്ട ദിവസം രാത്രി മാത്രമാണ് ക്ഷേത്രത്തിൽ നാഴികമണി അടിക്കാതിരിക്കുക. മുളയറയിലെ കാടിന്റെ തണുത്തകാറ്റിന്റെ ശീൽക്കാരമൊഴിച്ചാൽ തികച്ചും നിശ്ശബ്ദതയിലായിരുന്നു ക്ഷേത്രപരിസരം. ഇന്ന് പ്രഭാതത്തിൽ പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണ് ഗുരുവായൂരപ്പൻ ഉണരുക. തുടർന്ന് അഭിഷേകം, മലർ നിവേദ്യം എന്നിവ അവിടെ വെച്ചുതന്നെ നടക്കും.

പൂജകൾക്ക് ശേഷമാണ് ഗുരുവായൂരപ്പനെ ശ്രീലകത്തേക്ക് എഴുന്നള്ളിക്കുക. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഗുരുവായൂരപ്പൻ ഇന്ന് രാവിലെ നേരം വൈകി മാത്രമേ ഉണരൂ എന്നതിനാൽ രാവിലെ എട്ടിന് ശേഷമേ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിക്കുകയുള്ളൂ. രാവിലെ എട്ട് മുതൽ വൈകീട്ട് ആറിന് ദീപാരാധന വരെ മാത്രമേ ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിക്കുകയുള്ളൂ. ആറാട്ട് കുളിക്കുന്നതിനും ഇത്തവണ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.