കൊടുങ്ങല്ലൂർ: നഗരസഭയിലെ ബൈപ്പാസിലും മറ്റു സ്ഥലങ്ങളിലും ശേഖരിച്ച് വച്ചിരുന്ന മാലിന്യ ചാക്കുകൾ നീക്കി തുടങ്ങി. രണ്ടു ലോഡുകളിലായി പത്ത് ടണ്ണിലേറെ മാലിന്യമാണ് ഇന്നലെ നീക്കം ചെയ്തത്. ശുചിത്വ മിഷന്റെ അക്രഡിറ്റഡ് ഏജൻസിയായ കോട്ടക്കൽ ഇക്കോ ഗ്രീൻ എന്ന സ്ഥാപനമാണ് നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. കിലോ ഗ്രാമിന് 6 രൂപ നിരക്കിലാണ് കരാർ ഉറപ്പിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളിലായി 40 ടണ്ണിലേറെ മാലിന്യമാണ് ചാക്കുകളിൽ കെട്ടിക്കിടക്കുന്നത്.

നേരത്തെ പൊതു സ്ഥലങ്ങളിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യമാണ് നഗരസഭ തൊഴിലാളികൾ ശേഖരിച്ച് വിവിധ കേന്ദ്രങ്ങളിലായി നിറച്ച് വച്ചിരുന്നത്. അത് ശുചിത്വമിഷന്റെ ഏജൻസി കൊണ്ടുപോകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് നഗരസഭയുടെ ഉത്തരവാദിത്തത്തിൽ നീക്കം ചെയ്യണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ ഇത് ഇക്കോ ഗ്രീൻ എടുത്തു കൊണ്ടു പോകുന്നത്. മൂന്ന് ദിവസത്തിനകം മാലിന്യം പൂർണ്ണമായും നീക്കം ചെയ്യുമെന്ന് ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.