കൊടുങ്ങല്ലൂർ: കൊറോണ വൈറസ് ബാധ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ താലൂക്ക് ഗവ.ആശുപത്രിയിലും മേത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചു. സാധാരണ ഒ.പി പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക.

ഇന്നലെ താലൂക്കാശുപത്രിയിൽ 17 പേരാണ് കോവിഡ് 19മായി ബന്ധപ്പെട്ട ചികിത്സ തേടിയെത്തിയത്. ഇന്നലെ ഒരാളെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ആകെ നാലുപേർ ഇപ്പോൾ ആശുപത്രിയിലെ ഐസോലേറ്റഡ് വാർഡിൽ നിരീക്ഷണത്തിലുണ്ട്. മേത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഇതുവരെ 40 പേർ ചികിത്സക്കായി എത്തിയിട്ടുണ്ട്. അവരെല്ലാം വീട്ടിൽ നിരീക്ഷണത്തിലാണ്. നഗരസഭ എല്ലാ വാർഡുകളിലും ജാഗ്രതാ - മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ വാർഡ് പ്രദേശങ്ങളിൽ പതിച്ചു കഴിഞ്ഞു. മൈക്ക് എനൗൺസ്മെൻ്റ് തുടർച്ചയായി നാല് ദിവസങ്ങളിൽ നടത്തുന്നതിന് തുടക്കം കുറിച്ചതായി ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. ബാർബർ ഷോപ്പുകളിൽ മുടിവെട്ടുമ്പോൾ ശരീരത്തിൽ ഇടുന്ന മേൽമുണ്ട് ഓരോരുത്തർക്കും പുതിയത് മാറ്റിയിടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: താലൂക്ക് ആശുപത്രി -9061765683, 9446324120

മേത്തല പ്രാഥമികാരോഗ്യകേന്ദ്രം- 7907016343, 9446517766