theepidichu
തീപിടിച്ച തരിശ്പറമ്പ്

കൊടകര: കൊടകര പഞ്ചായത്തിലെ പുലിപ്പാറക്കുന്നിൽ തരിശായി കിടക്കുന്ന റിലയൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പാടവും സമീപ സ്ഥലങ്ങളും തീപിടിച്ചത് പരിഭ്രാന്തിക്കിടയായി. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ചാലക്കുടിയിൽ നിന്നും അഗ്‌നിശമന സേനയുടെ വാഹനം എത്തിയെങ്കിലും പറമ്പിനകത്തേക്ക് പ്രവേശിക്കാനായില്ല. വണ്ടി പോകുന്നതിനുള്ള സൗകര്യം ഇല്ലാത്തതാണ് വാഹനം തീപിടിച്ച ഭാഗത്തേക്ക് പോകാൻ സാധിക്കാതിരുന്നത്. രണ്ടു മണിക്കൂറുകളോളം നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് തീ അണച്ചത്.


ഇവിടെ എല്ലാ വേനലിലും തീപിടിക്കുന്നത് പതിവായിരിക്കുകയാണ്. തുടർച്ചയായി തീപിടിക്കുന്നത് ഇത് അഞ്ചാം വർഷമാണ്. ഈ വർഷത്തിൽ ഇത് രണ്ടാം തവണയാണ്. ജനുവരിയിലും സമാന സംഭവമുണ്ടായി. തരിശ് ഭൂമിയുടെ ഭൂരിഭാഗവും അന്ന് കത്തിയിരുന്നു. സമീപവാസികൾ സമയോചിതമായി ഇടപെടുന്നതിനാലാണ് ദുരന്തം ഒഴിവാകുന്നത്.

രണ്ടുവാർഡുകളിലായി 24 ഏക്കറോളം ഭൂമിയാണ് കാടുപിടിച്ച് ഉണങ്ങി നിൽക്കുന്നത്. കൃത്യമായി വൃത്തിയാക്കാത്തതാണ് തീപിടിക്കാൻ ഇടയാക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു. കമ്പിവേലികെട്ടി തിരിച്ചിരിക്കുന്നതിനാൽ നാട്ടുകാർക്ക് തീയണക്കുന്നതിനോ രക്ഷാപ്രവർത്തനത്തിനോ സാധിക്കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി. കാട് പിടിച്ച് കിടക്കുന്നതിനാൽ പ്രദേശത്ത് പാമ്പുകളുടെ ശല്യവും രൂക്ഷമാണ്.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് കത്തിനശിച്ചെങ്കിലും ജനവാസ കേന്ദ്രത്തിലേക്കെത്തും മുമ്പേ തീയണക്കാനായത് വലിയ ദുരന്തം ഒഴിവായി. നാട്ടുകാരുടെ സ്വത്തിനും ജീവനും ഭീഷണിയില്ലാത്ത വിധം ഭൂമി വെട്ടിത്തെളിച്ച് സംരക്ഷിക്കുന്നതിന് പഞ്ചായത്ത് നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.