തൃശൂർ : രാജ്യത്ത് തന്നെ ആദ്യമായി കോവിഡ് 19 (കൊറോണ) റിപ്പോർട്ട് ചെയ്ത ജില്ല, ഇപ്പോൾ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ ഉള്ള ജില്ല .... വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ജില്ലയിലെ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന കളക്ടർക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസം. ജനങ്ങൾ ഒറ്റമനസായി നിന്നാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ തന്നെ ഈ ആശങ്ക നമുക്ക് ഒഴിവാക്കാനാകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് ആത്മവിശ്വാസത്തോടെ പറയുന്നു.
' സർക്കാർ സംവിധാനം പൂർണ്ണസജ്ജമാണ്. മന്ത്രിമാർ അടക്കമുള്ളവരുടെ മേൽനോട്ടമുണ്ട് '. തിരക്കിനിടയിലും കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 'അന്ന് ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിനിക്ക് വന്ന കോവിഡ് 19 ൽ നിന്ന് ഒരുപാട് പാഠങ്ങൾ മനസിലാക്കാനായി. രോഗത്തിന്റെ കാലയളവ്, മറ്റുള്ളവരിലേക്ക് പടരാനുള്ള സാഹചര്യം, അവരുടെ മാനസികാവസ്ഥ, പ്രതികരണങ്ങൾ എന്നിവ മനസിലാക്കാനായി. പിന്നീട് രോഗം സ്ഥിരീകരിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും പരിചരിക്കുന്നതിലൂടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ട അനുഭവസമ്പത്തും നേടാനായി. അന്ന് 323 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാനത്ത് തന്നെ നിരീക്ഷണത്തിലുള്ള 4,500 പേരിൽ 1822 പേർ ജില്ലയിലാണ്. ഇന്നലെ ലഭിച്ച 25 പേരുടേത് നെഗറ്റീവാണ്. പക്ഷേ രോഗം സ്ഥിരീകരിച്ചത് ഇറ്റലിയിൽ നിന്ന് വന്നയാളുടെ ഒപ്പം യാത്ര ചെയ്ത ആൾക്കാണ്. ഇവിടെയുള്ള ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലായെന്നത് കാണിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ കെട്ടുറപ്പാണ് '.

വ്യാജ പ്രചരണം ?

വ്യാജ പ്രചരണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ആദ്യം കോവിഡ് വന്ന സമയത്ത് 11 പേർക്കെതിരെയാണ് വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്തത്. ഇപ്പോൾ ഇതിനോടകം രണ്ട് പേർക്കെതിരെ കേസെടുത്തു. ഇപ്പോഴും പ്രചരണം നടക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ തീരുമാനിച്ചിട്ടുണ്ട്. സൈബർ സെല്ലുകളോട് പരിശോധന കർശനമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

റിസോർട്ടുകളുടെ സമീപനം ?

ചില റിസോർട്ടുകൾ സർക്കാർ നിർദ്ദേശം ലംഘിക്കുന്നുണ്ട്. ഇവരോട് കർശനമായി നിർദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പല റിസോർട്ടുകളിലും വിദേശികൾ താമസിക്കുന്ന സാഹചര്യത്തിൽ അവിടെയും ഐസോലേഷൻ മുറികൾ സജ്ജീകരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം ?

കൊറോണ റിപ്പോർട്ട് ചെയ്തത് മുതൽ ആരോഗ്യ വകുപ്പ് ക്രിയാത്മകമായ പ്രവർത്തനമാണ് നടത്തുന്നത്. ചില സ്ഥലങ്ങളിൽ നിന്ന് സുരക്ഷ സംബന്ധിച്ച് വരുന്ന പ്രചരണങ്ങൾ വ്യാജമാണ്.

നിരീക്ഷണത്തിൽ ഇരിക്കാൻ തയ്യാറാകാത്തവരെ എന്ത് ചെയ്യും ?

നിരീക്ഷണത്തിൽ ഇരിക്കാൻ തയ്യാറാകാത്തവരെ രാജ്യത്ത് നിലനിൽക്കുന്ന നിയമം അനുസരിച്ച് നിർബന്ധപൂർവ്വം ആശുപത്രികളിൽ എത്തിക്കും.

രോഗ ലക്ഷണം ഉള്ളവരെ അകറ്റി നിറുത്തുന്നത് ?

നിരീക്ഷണത്തിലിരിക്കുന്നവർ സമൂഹത്തിനായി ചെയ്യുന്നത് വലിയ ത്യാഗമാണ്. അവരെ സമൂഹത്തിൽ നിന്ന് അകറ്റി നിറുത്താതിരിക്കാൻ ആരോഗ്യ പ്രവർത്തകരുടെയും കൗൺസലിംഗ് വിദഗ്ദ്ധരുടെയും ശക്തമായ ഇടപെടലാണ് ഉള്ളത്.

സാമ്പത്തികം ?

പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തികം പ്രശ്‌നമില്ല. നിലവിൽ പത്ത് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാം..