തൃശൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 657 പേർ നിരീക്ഷണത്തിൽ. ബ്ലോക്കിലെ എല്ലാ പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്‌ക് ആരംഭിക്കും. 11 പേർ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്. ഇതിൽ നാല് പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആറു പേർ മെഡിക്കൽ കോളേജിലും ഒരാൾ ജനറൽ ആശുപത്രിയിലുമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്. വൈറസ് ബാധ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ എല്ലാ പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കും. ജനറൽ ഒ.പിയുമായി ബന്ധം വരാത്ത രീതിയിലാണ് ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിപ്പിക്കുക. ഇ. ടി. ടൈസൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും ഇന്നും നാളെയുമായി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ജില്ലാ തലത്തിൽ നിന്നുള്ള അറിയിപ്പുകളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് ജനങ്ങൾക്ക് നോട്ടീസ് വിതരണം ചെയ്യും. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരെ അതത് വാർഡുകളിൽ ഉള്ള ആശ വർക്കർമാർ പ്രത്യേകമായി നിരീക്ഷിക്കണം. പ്രായമായവർ ചടങ്ങുകളിലും മറ്റും പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, പെരിഞ്ഞനം സി. എച്ച്.സി സൂപ്രണ്ട് ഡോക്ടർ സാനു എം. പരമേശ്വരൻ, ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോ. സതീശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൈതവളപ്പിൽ, ബി. ജി വിഷ്ണു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡോ. വരദ, ഡോ. മുംതാസ്, തഹസിൽദാർ കെ. രേവ, കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ ഇ.ആർ ബൈജു തുടങ്ങിയവർ പങ്കെടുത്തു.