തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കുട്ടനെല്ലൂർ കുരുതുകുളങ്ങര ബെൻസനാണ് (22) അറസ്റ്റിലായത്. 2019 ഒക്ടാബർ 15 നാണ് പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. വിയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവു പ്രകാരം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടയിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടണമെന്നു കാട്ടി പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ , അസി. കമ്മിഷണർ സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും പെൺകുട്ടിയെയും കർണാടക, തുംകൂർ ജില്ലയിലെ ടാക്ത്യൂർ എന്ന ഗ്രാമപ്രദേശത്തു നിന്നും കണ്ടെത്തിയത്. പരമ്പരാഗത അന്വേഷണ സംവിധാനങ്ങൾ വഴിമുട്ടിയപ്പോൾ, മൊബൈൽ ഉപയോഗിക്കാതിരുന്ന പ്രതിയുടെ വാസസ്ഥലം കണ്ടെത്തുന്നതിന് മറ്റ് ആധുനിക സാങ്കേതിക വിദ്യകളാണ് പൊലീസ് ഉപയോഗിച്ചത്.
ഒരു ഓൺലൈൻ വ്യാപാര സൈറ്റ് വഴി, നടത്തിയ ഇടപാടാണ് പ്രതിയുടെ വാസസ്ഥലം കണ്ടെത്തുന്നതിന് സഹായിച്ചതെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ സി.ഡി ശ്രീനിവാസൻ പറഞ്ഞു. വിവാഹിതനായ പ്രതി, മറ്റൊരു പെൺകുട്ടിയോടൊപ്പം പോയതറിഞ്ഞ് അയാളുടെ എട്ടു മാസം ഗർഭിണിയായ ഭാര്യ ഇതിനിടെ ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിലും ഇയാളെ പ്രതിചേർക്കുമെന്ന് വിയൂർ എസ്. എച്ച്. ഒ ശ്രീജിത്ത് അറിയിച്ചു. പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ വിയ്യൂർ എസ്. എച്ച്. ഒ. ഡി. ശ്രീജിത്ത്, ക്രൈംബ്രാഞ്ച് എസ്.ഐ രാജൻ .എം, സീനിയർ സി.പി.ഒ സുഷിത കെ. ആർ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി.പി.ഒ വിനോദ് എൻ. ശങ്കർ, സി.പി.ഒമാരായ ലിഗേഷ് എം.എസ്, ലാലു .എസ് എന്നിവരും ഉണ്ടായിരുന്നു.