പാവറട്ടി : സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.എസ്. സൂപ്പർവൈസർക്കുള്ള സംസ്ഥാന സർക്കാർ അവാർഡിന്റെ തിളക്കത്തിലാണ് ഐ.സി.ഡി.എസ് മുല്ലശ്ശേരി പ്രോജക്ടിലെ എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ചാർജ്ജ് വഹിക്കുന്ന സൂപ്പർവൈസർ കെ.എസ്. ഉഷ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വനിതാ ദിനത്തിനോട് അനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
1984 ൽ മുല്ലശ്ശേരി വികസന ബ്ലോക്കിലെ സി.പി.ഡബ്ലിയു.സി.പിയുടെ കീഴിലുള്ള കാക്കശ്ശേരി ബാലവാടിയിലെ ടീച്ചറായി സേവനം ആരംഭിച്ച ഉഷ 1989 ൽ മുല്ലശ്ശേരി ബ്ലോക്കിൽ ഐ.സി.ഡി.എസിന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ കാക്കശ്ശേരി അംഗൻവാടി വർക്കറായി
പ്രവർത്തനം തുടർന്നു. 26 വർഷമായി അംഗൻവാടി വർക്കറായതിന് ശേഷം സൂപ്പർവൈസർ ആയി ചാലക്കുടിയിൽ നിയമനം ലഭിച്ചു. 6 വർഷക്കാലത്തെ സേവനത്തിനു ശേഷം 2016ൽ മുല്ലശ്ശേരി പ്രൊജക്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ചുമതലയേൽക്കുകയും ചെയ്തു.
എളവള്ളി, പറയ്ക്കാട് അരീക്കര വീട്ടിൽ അശോകനാണ് ഭർത്താവ്. അഖിൽ, അഭിജിത്ത് എന്നിവരാണ് മക്കൾ.


26 വർഷത്തെ അംഗൻവാടി വർക്കറായിട്ടുള്ള പ്രവർത്തന പരിചയവും സൂപ്പർവൈസർ എന്ന നിലയിൽ 10 വർഷത്തെ പ്രവർത്തന പരിചയവും തന്റെ പ്രവർത്തനം കൂടുതൽ കഴിവുറ്റതാക്കാൻ സഹായിച്ചു.

-കെ.എസ്. ഉഷ


ഐ.സി.ഡി.എസിന്റെ പ്രവർത്തനം എളവള്ളിയിൽ

അംഗൻവാടി കെട്ടിടങ്ങളിൽ പ്രാഥമിക സൗകര്യം ഒരുക്കി

ബേബി ഫ്രൻണ്ടിലി പെയിന്റിംഗ് കൊണ്ട് ആകർഷകമാക്കി

ഫർണിച്ചറുകളും കണ്ടെയ്‌നറുകളും കളിയുപകരണങ്ങളും വാങ്ങി

അംഗ പരിമിതരായ കുട്ടികൾക്ക് കലാകായിക മത്സരങ്ങൾ, സ്‌കോളർഷിപ്പ്

പഞ്ചായത്തിൽ ബഡ്‌സ് സ്‌കൂളിന്റെ നിർമ്മാണം പുരോഗമിക്കുന്നു

വയോജനങ്ങൾക്കായി വിവിധ പരിപാടികൾ ആസൂത്രണം നടപ്പാക്കുന്നു

ഒറ്റപ്പെട്ടു കഴിയുന്നവർക്ക് പകൽ സമയം ചെലവഴിക്കാൻ 'സായംപ്രഭ ഹോം'

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നപരിഹാരത്തിന് ജെൻഡർ റിസോഴ്‌സ് സെന്റർ

പഞ്ചായത്തുതല ജാഗ്രതാ സമിതി, കടുംബശ്രീ ബാലസഭകളുടെ പ്രവർത്തനം സജീവം