തൃശൂർ : കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ജനറൽ ആശുപത്രിയിൽ കഴിയുന്ന 21 കാരന്റെ ആരോഗ്യ നില തൃപ്തികരം. ഇയാൾ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്. ഇയാളുടെ ചാവക്കാടുള്ള ബന്ധുവും രണ്ട് വയസുള്ള കുട്ടിയും നിരീക്ഷണത്തിലാണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ ഇയാൾ യാത്ര ചെയ്തിരുന്ന സ്ഥലങ്ങളിൽ സമ്പർക്കം പുലർത്തിയവരെ കൂടുതലായി കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പാവറട്ടിയിൽ ഇയാൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ അന്തർസംസ്ഥാന ബസുകളിൽ പരിശോധന നടന്നു. ഡി.എം.ഒ കെ.ജെ റീനയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.