കൊടുങ്ങല്ലൂർ: പെൻസിൽ മുനയിൽ ദേശീയ ഗാനത്തിന്റെ വരികൾ കൊത്തിയെടുത്ത അഖിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ചു. എടവിലങ്ങ് സ്വദേശിയും എൻജിനീയറിംഗ് ബിരുദധാരിയുമായ പുത്തൻകാട്ടിൽ അപ്പുക്കുട്ടൻ്റെയും രമയുടെയും മകൻ അഖിലാണ് (27) പെൻസിൽ മുനയിൽ ദേശീയ ഗാനം കൊത്തിയെടുത്ത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ചത്.

പെൻസിൽ കാർവിംഗ് എന്ന കരവിരുതിലാണ് അഖിൽ ഈ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ എടവിലങ്ങിലെ കാതിയാളത്തുള്ള മാങ്കറ സദാനന്ദന്റെയും ജയലക്ഷ്മിയുടെയും മകൻ അതുൽ ആനന്ദ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിലും ഇടം പിടിച്ചിരുന്നു. പതിമൂന്ന് പെൻസിലുകളിലായി ആറ് മണിക്കൂറും പതിനെട്ട് മിനിറ്റും സമയമെടുത്താണ് അഖിൽ, പെൻസിൽ മുനയിൽ ദേശീയ ഗാനം കൊത്തിയെടുത്തത്.

അതീവ ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഈ കരവിരുത് സ്വയം ആർജ്ജിച്ചാണീ ഔന്നത്യത്തിലേക്കെത്തിയത്. ഒന്നര വർഷം മുൻപ് വാഹനാപകടത്തിൽ പെട്ട് വിശ്രമത്തിലായിരിക്കെയാണ് അഖിൽ പെൻസിൽ കാർവിംഗ് ആരംഭിച്ചത്. നേരമ്പോക്കെന്ന നിലയിൽ തുടങ്ങിയ ഈ പ്രവൃത്തി ഇപ്പോൾ അഖിലിന് വരുമാന മാർഗ്ഗം കൂടിയാണ്.