aiyf-
എ.ഐ.വൈ.എഫ് പ്രവർത്തകർ മുഖാവരണനിർമ്മാണത്തിൽ

തൃശൂർ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുഖാവരണങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുകയും കൊള്ളവിലയ്ക്ക് വിൽക്കുകയും ചെയ്യുമ്പോൾ ഇടത് യുവജന സംഘടനകൾ രംഗത്തിറങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3,​750 മുഖാവരണങ്ങളാണ് ഗവ. മെഡിക്കൽ കോളേജിന് നിർമ്മിച്ച് നൽകിയത്.

ഒരാഴ്ചയ്ക്കുള്ളിൽ പതിനായിരം മുഖാവരണങ്ങൾ നിർമ്മിക്കാനാണ് എ.ഐ.വൈ.എഫ് ലക്ഷ്യമിടുന്നത്. നാലായിരം എണ്ണം തയ്യാറാക്കി. അതേസമയം, മുഖാവരണങ്ങൾ വിലകൂട്ടി വിറ്റ സ്ഥാപനങ്ങൾക്കെതിരെ ജില്ലാ ലീഗൽ മെട്രോളജി വകുപ്പിൻ്റെ നടപടികൾ ശക്തമാക്കി. 10 രൂപ മുഖവിലയുള്ള ഫേസ് മാസ്‌ക് ഇരട്ടി വിലയ്ക്ക് വിറ്റതിനും മുഖവില രേഖപ്പെടുത്താതെ എൻ95 മാസ്‌ക് 130 രൂപയ്ക്ക് വിൽപ്പന നടത്തിയതിനും കുന്നംകുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി പി.ബി. അനൂപ്, ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് എന്നിവരും യുവതീ സബ്കമ്മിറ്റികളുമാണ് ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബ്ളഡ് ബാങ്കുകളിൽ രക്തത്തിന് ക്ഷാമമുള്ളതിനാൽ രക്തദാനത്തിന് എ.ഐ.വൈ.എഫ് രംഗത്തിറങ്ങിയിട്ടുണ്ട്. ഐ.എം.എ രക്തബാങ്കിലും ജനറൽ ആശുപത്രിയിലുമാണ് രക്തം നൽകുന്നത്.

ആശുപത്രികളിലെ ക്ഷാമം തീർക്കും


'' ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റികളാണ് മുഖാവരണങ്ങളുടെ നിർമ്മാണം നടത്തുന്നത്. കഴുകി ഉപയോഗിക്കാവുന്ന റീയൂസബിൾ കോട്ടൺ മുഖാവരണങ്ങളാണിത്. തിങ്കളാഴ്ച 1,​500 മുഖാവരണങ്ങൾ കൂടി ഗവ. മെഡിക്കൽ കോളേജിലേക്ക് നൽകും. 1000 എണ്ണം വീതം ജനറൽ ആശുപത്രിയിലേക്കും ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും നൽകും. ആശുപത്രികളിലെ ക്ഷാമം തീർക്കാനാണ് ലക്ഷ്യം ''

- ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ.

മുഖാവരണങ്ങളുടെ നീളം: 8.5 ഇഞ്ച്

വീതി: 5.5 ഇഞ്ച്

ഒന്നിന് ചെലവ് മൂന്ന് രൂപ

'' പ്രമുഖ വസ്ത്രവ്യാപാര സ്ഥാപങ്ങളിൽ നിന്ന് പ്രത്യേകതരം പച്ചനിറമുളള തുണികൊണ്ടാണ് മുഖാവരണം നിർമ്മിക്കുന്നത്. ഒരു മീറ്റർ തുണിയിൽ നിന്ന് 35 എണ്ണമെങ്കിലും ഉണ്ടാക്കാം. ശരാശരി മൂന്ന് രൂപയാണ് ഒരെണ്ണത്തിൻ്റെ നിർമ്മാണച്ചെലവ്. വനിതാ പ്രവർത്തകരും തയ്യൽത്തൊഴിലാളികളും ചേർന്നാണ് വിവിധ കേന്ദ്രങ്ങളിൽ മുഖാവരണം തയ്യാറാക്കുന്നത്. നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്കും ആശുപത്രികളിലും മുഖാവരണം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ദിവസം ജനറൽ ആശുപത്രി സൂപ്രണ്ടിന് കൈമാറും. ആശുപത്രികളിൽ വെച്ച് മുഖാവരണങ്ങൾ കൂടുതൽ അണു വിമുക്തമാക്കാനും കഴിയും.''

കെ.പി സന്ദീപ്, ജില്ലാ പ്രസിഡന്റ്, എ.ഐ.വൈ. എഫ്..