പുതുക്കാട്: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള കർമ്മ പദ്ധതിക്ക് പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രൂപരേഖയായി. ഇത് സംബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അദ്ധ്യക്ഷയായി. പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ് മാത്യു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, അംഗം ജയന്തി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടനെ ചേരാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജൻ, ശ്രീജ അനിൽ, കാർത്തിക ജയൻ, കെ. രാജേശ്വരി, സോഫി ഫ്രാൻസിസ്, പി.സി. സുബ്രൻ, ഷീല മനോഹരൻ, മറ്റത്തൂർ ആശുപത്രി സൂപ്രണ്ട്, ഡോ. ലക്ഷ്മി എൻ. മേനോൻ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു.