തൃശൂർ : റെയിൽവേ സ്റ്റേഷനിലും, കെ.എസ്.ആർ.ടി.സി, ശക്തൻ ബസ് സ്റ്റാൻഡുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് 19 ബോധവത്കരണം തുടങ്ങി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ തൃശൂർ ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ, ഡി.ടി.പി.സി വളണ്ടിയർമാർ, വിവിധ ക്ലബ് അംഗങ്ങൾ, എന്നിവരടങ്ങുന്ന 100 ഓളം പേരാണ് ലഘു ലേഖകളും, നോട്ടീസുകളും വിതരണം ചെയ്തത്. ഓരോ ബസുകളിലും കയറി ഇറങ്ങിയാണ് ലഘുലേഖകൾ നൽകുക.
റെയിൽവേ സ്റ്റേഷനുകളിൽ സ്‌ക്രീനിംഗ് സംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തീവണ്ടികൾ തൃശൂർ സ്റ്റേഷനിൽ എത്തിയാൽ മൂന്ന് മിനിറ്റ് പിടിച്ചിടും. ഈ സമയത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവകർ തീവണ്ടികളിൽ കയറി ഇറങ്ങും. പ്രളയകാല സന്നദ്ധ പ്രവർത്തകരും, പൊലീസ് ഉദ്യോഗസ്ഥരും ബോധവത്കരണത്തിനായി ആരോഗ്യ വകുപ്പിന്റെ കൂടെ ചേർന്നു പ്രവർത്തനം ആരംഭിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. വരുന്ന ദിവസങ്ങളിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞു തൃശൂർ സ്റ്റേഷനിൽ നിന്നും കയറി തൊട്ടടുത്ത സ്റ്റേഷൻ വരെ യാത്ര ചെയ്തും ലഘുലേഖകൾ വിതരണം ചെയ്യും.