കയ്പമംഗലം: റോഡു നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്. പെരിഞ്ഞനം പഞ്ചായത്തിലെ ഏഴാം വാർഡ് നേതാജി റോഡിന്റെ റീ ടാറിംഗിനോട് അനുബന്ധിച്ച് ആദ്യഘട്ടത്തിൽ വെറ്റ് മിക്‌സ് നിരത്തിയത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച പരാതിയിൽ പ്രതികരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്.
പഞ്ചായത്തിന്റെ 2019 സാമ്പത്തിക വർഷത്തെ ഫിനാൻസ് കമ്മിഷൻ ഗ്രാന്റായ 8 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന 400 മീറ്റർ റോഡിന്റെ നിർമ്മാണം തടസപെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ജനങ്ങൾ തള്ളിക്കളയണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
400 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡിൽ 7.5 സെന്റീമീറ്റർ കനത്തിൽ ആദ്യം വെറ്റ് മിക്‌സ് വിരിക്കുകയും, കുഴിയുള്ള ഭാഗങ്ങളിൽ 15-20 സെന്റീമീറ്ററിൽ വെറ്റ് മിക്‌സ് പാകിയിട്ടുണ്ടെന്നും അറിയിച്ചു. 400 മീറ്റർ റോഡിനായി 99 മീറ്റർ ക്യൂബ് മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത്. സന്തോഷ് എന്നാളുടെ പരാതിപ്രകാരം പ്രസിഡന്റും, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, എ.ഇ യും പരാതിക്കാരനെ കൂട്ടി സ്ഥലം സന്ദർശിച്ച് 400 മീറ്ററിൽ എവിടെ വേണമെങ്കിലും 7.5 സെന്റീമീറ്റർ കനത്തിൽ മെറ്റീരിയൽ ഉണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാണെന്ന് പരാതിക്കാരനെ അറിയിച്ചതായി പ്രസിഡന്റ് അറിയിച്ചു. വേണ്ട എന്നായിരുന്നു പരാതിക്കാരന്റെ മറുപടിയെന്നും പ്രസിഡന്റ് പറഞ്ഞു. റോഡിന്റെ ടാറിംഗ് ഇന്നു ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.