ഒല്ലൂർ: മരത്താക്കാര വിശ്വനാഥനഗർ കോളനിയിലെ ഏരിയൽ ചാത്തുക്കുട്ടിക്കും ഭാര്യ അമ്മിണിക്കും ഇത് സന്തോഷനിമിഷം. രണ്ടുമാസം മുമ്പ് തകർന്നു വീണ തങ്ങളുടെ വീട് തൃശൂർ അതിരൂപത ഇടപെട്ടു പുതുക്കിപ്പണിതതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരിരുന്നു രോഗാതുരരായ ഈ ദമ്പതികൾ. ഓട് മേഞ്ഞ വീട് തകർന്നുവീഴുമ്പോൾ പൂർണമായും കിടപ്പിലായിരുന്ന അമ്മിണിയെ മരുമകനും നാട്ടുകാരും ചേർന്ന് വീട്ടിൽ നിന്നും രക്ഷപ്പെടുത്തുകയായിരിരുന്നു.
നിരാലംബരായ ഇവർ അടുത്തുള്ള അംഗൻവാടിയിൽ അഭയം തേടുകയായിരുന്നു. തുടർന്ന് ചീഫ് വിപ് കെ. രാജൻ എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം ജില്ലാ കളക്ടറുടെ അനുമതിയോടെ തൃശൂർ അതിരൂപത ഇവരുടെ വീട് പുതുക്കിപ്പണിയാമെന്ന് ഉറപ്പു നൽകുയായിരുന്നു. ഇതിന് വേണ്ട തുക രൂപത നൽകി 45 ദിവസത്തിനകം പണി പൂർത്തിയാക്കി.
തുടർന്ന് ചീഫ് വിപ് കെ. രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, അതിരൂപത ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ചേർന്ന് വൃദ്ധ ദമ്പതികളൾക്ക് വീടിന്റെ താക്കോൽ കൈമാറി. ബോൺ നത്താലെയിൽ നിന്നും ലഭിച്ച തുകയിൽ നിന്നുമാണ് വീട് നിർമാണത്തിനാവശ്യമായ 7 ലക്ഷം രൂപ കണ്ടെത്തിയതെന്ന് അതിരൂപത അധികൃതർ പറഞ്ഞു.