പുതുക്കാട്: റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങൾ പിടിച്ചെടുക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. ദേശീയപാത സിഗ്‌നൽ ജംഗ്ഷൻ മുതൽ ബ്ലോക്ക് ഓഫീസ് വരെയുള്ള കുപ്പിക്കഴുത്ത് വികസനം തടസപ്പെടുത്തുന്നതായും അധികൃതർ മൗനം പാലിക്കുന്നതുമായി കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ജില്ലാ കളക്ടർ, പൊതുമരാമത്ത് വകുപ്പ് അധികൃതർ തുടങ്ങിയവർക്ക് പരാതി നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൊതുപ്രവർത്തകർ സ്ഥലം ഉടമകൾ എന്നിവരെ വിളിച്ച് സ്ഥലം ലഭ്യമാക്കാൻ തീരുമാനമെടുത്തു. സ്ഥലം ഉടമകളിൽ പലരും സ്വമേധയ സ്ഥലം വിട്ടു നൽകാൻ സന്നദ്ധരായി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് പൊളിക്കൽ തുടങ്ങി. ബ്ലോക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച സ്ഥലമെടുപ്പ് സിഗ്‌നൽ ജംഗ്ഷൻ വരെ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
റെയിൽവേ സ്റ്റേഷൻ റോഡിന്റെ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ വീടുകളും, മതിലുകളും പൊളിച്ച് റോഡ് വികസനം യാഥാർത്ഥ്യമാക്കിയെങ്കിലും പുതുക്കാട് പഞ്ചായത്തിൽ അധികൃതർ ഉറക്കം നടിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്.
ജനങ്ങൾ പഴയ വികസനം ഓർത്തു .
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് എം.കെ. പ്രേമചന്ദ്രൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ ഓരോ നിയോജക മണ്ഡലങ്ങളിലും എം.എൽ.എ നിർദേശിക്കുന്ന റോഡിന്റെ നവീകരണത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നു. ആ പദ്ധതിയിൽ കേരളത്തിൽ ആദ്യമായി ഒരു കോടി രൂപ അനുവദിച്ചത് പുതുക്കാടിനായിരുന്നു. പുതുക്കാട് റെയിൽവേ സ്റ്റേഷൻ റോഡ് ചെറുവാൾ വരെ വികസിപ്പിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. അന്നും തകൃതിയായി സ്ഥലം അളക്കലും മാർക്ക് ചെയ്യലും നടന്നു. അവസാനം റോഡിന്റെ ഇരുവശത്തുമുള്ള അരയടി സ്ഥലം വീതം വീതി കൂട്ടി ടാർ ചെയ്ത് അവസാനിപ്പിച്ചു. ഇത്തവണയും ഇത്തരം വികസനമാകുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ.
റോഡ് മുഴുവനായി കൈയേറി
റെയിൽവേ സ്റ്റേഷൻ റോഡിന് സമാന്തരമായി വടക്കെ തൊറവിൽ നിന്നുള്ള ആദ്യകാല റോഡ് സ്വകാര്യ വ്യക്തികൾ മുഴുവനായി കൈയേറിയ നിലയിലാണ്. വടക്കെ തൊറവിൽ നിന്നും പുളിക്കൻ റോഡിൽ ചേരുന്ന റോഡാണ് സ്വകാര്യ വ്യക്തികൾ കൈയേറിയത്. പണ്ടുകാലത്ത് കാളവണ്ടികൾ സഞ്ചരിച്ചിരുന്ന ഈ റോഡ് ഇപ്പോഴത്തെ റെയിൽവേ സ്റ്റേഷൻ റോഡ് ടാർ ചെയ്തതോടെ നാട്ടുകാർ ഉപയോഗിക്കാതായി. ഈ അവസരം മുതലെടുത്ത് റോഡിന്റെ ഇരുവശത്തുള്ള ഭൂഉടമകൾ റോഡ് കൈയേറുകയായിരുന്നു.
പിന്നിട് ഈ റോഡ് തുറന്നു കിട്ടാൻ സ്വകാര്യ വ്യക്തി ഏറെ നിയമ പോരാട്ടങ്ങൾ നടത്തി. റോഡ് കൈയേറിയവരുടെ സ്വാധീനവും അകാലങ്ങളിലെ പഞ്ചായത്ത് ഭരണസമിതികളുടെ താത്പര്യക്കുറവും റോഡ് തുറന്നുകൊടുക്കൽ മരവിപ്പിച്ചു. നിയമ പോരാട്ടവും, നിവേദനങ്ങളുമായി ഏറെ സമയവും പണവും നഷ്ടപ്പെടുത്തിയ വ്യക്തി നിര്യാതനായതോടെ തത്കാലം റോഡിനായുള്ള മുറവിളി നിലച്ചു.
പിന്നിട് രണ്ട് വർഷം മുമ്പ് നാട്ടുകാർ, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. പഞ്ചായത്ത് അധികൃതർക്ക് ഇക്കാര്യത്തിലും തികഞ്ഞ നിസംഗതയാണ്. എന്നാൽ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് സ്വകാര്യ ബാർ ഹോട്ടലിന് സമീപത്തു കൂടി ഉണ്ടായിരുന്ന നടവഴി വീണ്ടെടുത്ത് ടൈൽ വിരിച്ചു. ഇതിന് കാട്ടിയ ശുഷ്‌കാന്തി മറ്റ് റോഡുകളുടെ കാര്യത്തിൽ പഞ്ചായത്തിന് ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കുകയാണ് നാട്ടുകാർ.