ചാലക്കുടി: കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും സംഘവും ഭക്ഷണം കഴിച്ച പരിയാരം പൂവ്വത്തിങ്കലിലെ ബാർ ഹോട്ടൽ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് അടപ്പിച്ചു. സംഘമെത്തിയ ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് നിർദ്ദേശവും നൽകി.

വിദേശികൾ ഭക്ഷണം കഴിച്ച ഹാളിൽ മറ്റാളുകൾ ഉണ്ടായിരുന്നോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളത്തു നിന്നും ഉച്ചയോടെയാണ് പന്ത്രണ്ടംഗ സംഘം ഹോട്ടലിലെത്തിയത്. ഒരു മലയാളിയായ ടൂറിസ്റ്റ് ഗൈഡും മറ്റൊരു ഡ്രൈവറും ഉണ്ടായിരുന്നു. ഭക്ഷണ ശേഷം സംഘം അതിരപ്പിള്ളിയിലേയ്ക്ക് പുറപ്പെട്ടു. വെള്ളച്ചാട്ട സന്ദർശനത്തിന് ശേഷം ഇവർ വാഴച്ചാൽ, മലക്കപ്പാറ വഴി മൂന്നാറിലേയ്ക്ക് പോയെന്നുമാണ് വിവരം. ഇതിനിടെ മറ്റിടങ്ങളിൽ തങ്ങുകയോ നാട്ടുകാരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.

അതിരപ്പിള്ളി വെള്ളച്ചാട്ട പരിസരത്ത് എത്രനേരം തങ്ങിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവിടെ വച്ചു മറ്റു വിനോദ യാത്രികരുമായി ഇടപഴകാൻ സാദ്ധ്യത കൂടുതലാണ്. ബ്രിട്ടീഷ് സംഘം വന്നുപോയതിന്റെ പിറ്റേ ദിവസം മുതലാണ് അതിരപ്പിള്ളി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചത്.

തുമ്പൂർമുഴിയിലും പരിശോധന

പരിയാരത്തിനും അതിരപ്പിള്ളിക്കും ഇടയിലെ തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ ബ്രിട്ടൻ സംഘമെത്തിയെന്ന് ഉറപ്പില്ലെങ്കിലും ഇവിടെയും തിങ്കളാഴ്ച പരിശോധന നടക്കും. ഗ്രൂപ്പായി എത്തുന്നവരുടെ ഗൈഡുകളായിരിക്കും ടിക്കറ്റ് എടുക്കുക എന്നതിനാൽ കൗണ്ടറിലെ ജീവനക്കാർക്ക് ഇതേക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ല.

ചാലക്കുടിയിൽ 408 പേർ നിരീക്ഷണത്തിൽ

ചാലക്കുടി നിയോജക മണ്ഡലത്തിൽ ഇതുവരെ 408 പേർ നിരീക്ഷണത്തിലാണ്. നഗരസഭ പരിധിയിൽ 123 പേരുണ്ട്. ഇതിൽ ആശുപത്രിയിലായിരുന്ന 15 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ എട്ടുപേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ ന്യൂമോണിയ ഉണ്ടെന്ന് തെളിഞ്ഞ ഒരു കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്തുകളിൽ 285 പേരാണ് നിരീക്ഷണത്തിലുള്ളത്. കോടശേരി 52, കാടുകുറ്റി 96, മേലൂർ 26, കൊരട്ടി 47, പരിയാരം 55, അതിരപ്പിള്ളി 9 എന്നീ വിധമാണ് വീടുകളിലെ നിരീക്ഷണം

ജാഗ്രത അതിശക്തമാകുന്നു

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പൊജു ജനങ്ങളെ ബോധവത്‌രിക്കുന്നതിനായി ഇന്ന് പഞ്ചായത്തുകളിൽ പ്രത്യേക അവലോകന യോഗം ചേരുമെന്ന് ബി.ഡി ദേവസി എം.എൽ.എ അറിയിച്ചു. കോടശേരി പഞ്ചായത്തിൽ രാവിലെ പത്തിന് ഇതിന് തുടക്കം കുറിക്കും. തുടർന്ന് പരിയാരം, അതിരപ്പിള്ളി എന്നിവിടങ്ങളിൽ ക്ലാസുകൾ നടക്കും.