കൊടുങ്ങല്ലൂർ: ജോലി ഭാരത്താൽ കടുത്ത സമ്മർദ്ദത്തിലായ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കൂടിയായതോടെ മാർച്ച് മാസം വിശ്രമിമില്ലാത്ത മാസമായി. 2018 ലെ പ്രളയം മുതൽ ആരംഭിച്ച അവസ്ഥാ വിശേഷമാണ് കൊറോണ കൂടി എത്തിയതോടെ പാരമ്യതയിലെത്തിയത്.
പ്രളയമുണ്ടായതോടെ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ മുഖ്യച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിർവഹിച്ചത്. 2019 ലെ പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വീടുകളുടെ കണക്കെടുക്കുവാൻ മൊബൈൽ ആപ്പുമായി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു. എന്നാൽ സ്ക്വാഡുകൾ ശേഖരിച്ച വിവരം പലതും അപൂർണ്ണമായതിനാൽ, ആവശ്യമായ സ്ഥിതിവിവരം ലഭ്യമാക്കുന്നതിന് ദുരന്ത നിവാരണ ആക്ട് പ്രകാരമുള്ള അധികാരമുപയോഗിച്ച് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ഇതിന് പുറമെ, ദുരന്ത നിവാരണത്തിന്റെ ഭാഗമായി പുഴകളിൽ നിന്നും തോടുകളിലും അടിഞ്ഞു കൂടിയ മണലും മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയും നീക്കുന്നതിന് സർക്കാർ കളക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു. കളക്ടർ സ്വാഭാവികമായും ഈ ചുമതലയും പഞ്ചായത്ത് സെക്രട്ടറിമാരെ ഏല്പിച്ചു. അതും മാർച്ചിൽ തന്നെ പൂർത്തിയാക്കണം. മാർച്ച് മാസത്തിലെ വിവിധങ്ങളായ ജോലി തിരക്കുകളിൽ കഷ്ടപ്പെടുന്ന സെക്രട്ടറിമാർക്ക് കടുത്ത സമ്മർദ്ദം ഉണ്ടാക്കി അടുത്ത ഉത്തരവും കളക്ടർ നൽകി. ഇതിനെല്ലാം പുറമെയാണ് നൂറു ശതമാനം നികുതി പിരിവ്, 2019 ലെ വാർഷിക പദ്ധതി നിർവഹണം, 2020 -2021 വർഷത്തെ വാർഷിക പദ്ധതിരൂപീകരണം, ദുരന്ത നിവാരണപദ്ധതി രൂപീകരണം എന്നീ പതിവ് ജോലികളും. ഇതെല്ലാം ഈ മാസം തീർത്തേ മതിയാകൂ. കൊറോണ പ്രതിരോധമുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കുും സെക്രട്ടറിമാർ വഹിച്ചേ മതിയാകൂ.