പാവറട്ടി : പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ വി.എസ്. സെബി, ഇപ്പോൾ തലോർ ദീപ്തി ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലി ചെയ്യുന്ന ഇ.സി. റോയ്‌സൺ എന്നിവരുടെ സ്‌നേഹോപഹാരമായി പൂർവ വിദ്യാർത്ഥികളുടെ അപൂർവ്വസമ്മാനം. വിരമിക്കുന്ന അദ്ധ്യാപകരുടെ ചിത്രം അലേഖനം ചെയ്ത വിത്ത് പേന രണ്ട് സ്കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും നൽകിയാണ് പൂർവ വിദ്യാർത്ഥികൾ യാത്രഅയപ്പ് നൽകിയത്.

കലാസ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായി നിർമ്മിച്ച പേന ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും പേനയുടെ ഉള്ളിൽ കരുതിയ വിത്ത് മുളച്ച് ഓർമമരമായി വളരും എന്നതാണ് പ്രത്യേകത.1996- 97ലെ എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് വിരമിക്കൽ സമ്മാനം ഒരുക്കിയത്.
ഒറ്റപ്പാലത്തുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഹാൻഡിക്രാഫ്റ്റ്‌സിന്റെ സഹായത്തോടെ 3100 പേനകളാണ് തയ്യാറാക്കി നൽകിയത്. നിത്യഹരിതം ഈ ഓർമത്തൂലിക എന്ന പരിപാടി മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. തലോർ ദീപ്തി സ്‌കൂൾ പ്രധാന അദ്ധ്യാപിക നീന ജോൺ, വി.എസ്. സെബി, ഇ.സി. റോയ്‌സൺ, പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളും പ്രസംഗിച്ചു.