കൊടുങ്ങല്ലൂർ: കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ എറിയാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്നും നാളെയുമായി അടിയന്തര യോഗം ചേരും. എറിയാട് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പ്രസാദിനി മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ജനപ്രതിനിധികളായ നൗഷാദ് കൈതവളപ്പിൽ, എം.കെ സിദ്ദിഖ്, സുഗത ശശിധരൻ, അംബിക ശിവപ്രിയൻ, അഡ്വ. സബാഹ് വി.എ, പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നിലവിൽ 101 പേരാണ് പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരാൾ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലാണ്. ഇയാളുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളതിൽ 93 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 66 പേർ പുരുഷന്മാരും 22 പേർ സ്ത്രീകളുമാണ്.
പത്ത് വയസിന് താഴെയുള്ള 9 കുട്ടികളും 60 വയസിന് മുകളിലുള്ള മൂന്ന് പേരും ഒരു ഗർഭിണിയും ഇതിലുൾപ്പെടുന്നു. നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും വാർഡ് തലത്തിൽ നിരീക്ഷണം ശക്തമാക്കുമെന്നും ചൂണ്ടിക്കാട്ടിയ ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ വിദേശത്തു നിന്നും വന്നവർ ആശാവർക്കർമാരുടെയും മെമ്പർമാരുടെയും നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പൊലീസിന്റെ സഹായം തേടുമെന്ന് അറിയിച്ചു. നിരീക്ഷണത്തിൽ ഉള്ള ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും അനാവശ്യമായ ഭീതിയും തെറ്റായ രീതിയിലുള്ള മാസ്‌ക് ഉപയോഗവും ഒഴിവാക്കണമെന്നും പഞ്ചായത്തിൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.