തൃശൂരിൽ 2470 പേർ നിരീക്ഷണത്തിൽ
തൃശൂർ: കൊറോണ സ്ഥിരീകരിച്ച യു.കെയിലെ പൗരൻ നഗരത്തിന് അടുത്തുള്ള കുട്ടനെല്ലൂർ പൂരത്തിനെത്തി ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്ന ആശങ്ക ഉയർന്നതോടെ, നാട്ടുകാരുടെ സംശയനിവാരണത്തിനായി ക്ഷേത്രത്തിനടുത്ത് ആരോഗ്യവകുപ്പ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.
നിരവധിപേർ പങ്കെടുക്കുന്ന ഉത്സവത്തിലെത്തി പലർക്കും കൈ കൊടുക്കുകയും ചിലരുമായി ചേർന്ന് സെൽഫി എടുക്കുകയും ചെയ്തിരുന്നു. വൈകിട്ട് മൂന്നരയോടെ പാറമേക്കാവ് ക്ഷേത്രത്തിന് സമീപവും എത്തിയിരുന്നു.
മാർച്ച് എട്ടിനാണ് വിദേശിയും സംഘവും തൃശൂരിലെത്തിയത്. അതിരപ്പിള്ളിയിലെയും ചെറുതുരുത്തിയിലെയും ഹോട്ടലുകളിൽ നിന്ന് ഇവർ ഭക്ഷണം കഴിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾ അടച്ചിരുന്നു.
യു.കെയിലെ പൗരൻ സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ഉണ്ടാക്കുകയും അതിനനുസരിച്ചുളള പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. എങ്കിലും ഈ പ്രദേശങ്ങളിലെ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ പുലർത്തിയാൽ മതിയെന്നും അധികൃതർ അറിയിച്ചു. യു.കെ. പൗരനുമായി സെൽഫി എടുക്കുകയും നൃത്തം ചെയ്യുകയും ഹസ്തദാനം നടത്തുകയും ചെയ്തവരോ ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യവിഭാഗത്തിലോ ദിശ (1056, 0487 – 2320466) യിലോ ബന്ധപ്പെടണമെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു.
രോഗബാധയുമായി ബന്ധപ്പെട്ട് വീടുകളിൽ 2425ഉം ആശുപത്രികളിൽ 45ഉം ആയി ആകെ 2470 പേരാണ് ഇപ്പോൾ തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. 12 പേരെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 5 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയച്ചത്. ഇതു വരെ 306 പേരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്.
വിദേശങ്ങളിൽ നിന്നെത്തിയവർക്ക് വിമുഖത
വിദേശങ്ങളിൽ നിന്ന വന്നവരായ ചിലരെങ്കിലും നിരീക്ഷണത്തിൽ തുടരുവാൻ വിമുഖത കാണിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ ആശാസ്യകരമല്ലാത്തതു കൊണ്ട് ചില സന്ദർഭങ്ങളിൽ പൊലീസിന്റെ ഇടപെടൽ ആവശ്യമായി വരുന്നുണ്ട്. ഇരിങ്ങാലക്കുട, കെ.എസ്.ആർ.ടി.സി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിനും കൂടുതൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിലുള്ള നിരീക്ഷണം ശക്തമാക്കി. യാത്രികരായ 1230 പേർക്ക് വീടുകളിൽ കഴിയാനായി നിർദ്ദേശങ്ങൾ കൊടുത്തു. ഇവർ ബംഗളുരു, ഗുജറാത്ത്, മുംബയ് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങിയ 12 അംഗസംഘം 1395 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കൺട്രോൾ റൂമിലേക്ക് തിങ്കളാഴ്ച 517 അന്വേഷണങ്ങൾ വന്നു. 761 പേർക്ക് കൗൺസിലർമാർ മാനസിക പിന്തുണയ്ക്കായുള്ള കൗൺസലിംഗ് തുടങ്ങി. എയർപോർട്ടിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുളള ടീമിനെ നിയോഗിച്ച് കൺട്രോൾ റൂം ആരംഭിച്ചു.