പെരിങ്ങോട്ടുകര: സോമശേഖര ക്ഷേതോത്സവത്തിലെ തിടമ്പ് എഴുന്നള്ളിക്കുന്ന ആനകളുടെ ഉയരം അളക്കുന്നത് നിറുത്തലാക്കി. എഴ് ദേശക്കമ്മറ്റി പ്രതിനിധികളും ശിവഗിരി മഠം പ്രതിനിധികളും ഉൾപ്പെടുന്ന ക്ഷേത്രം ഉപദേശകസമിതിയുടെതാണ് തീരുമാനം. ആനകളുടെ അളക്കൽ സമ്പ്രദായം ദേശങ്ങൾ തമ്മിലുള്ള അനാവശ്യമത്സരങ്ങൾക്കും ആനകളുടെ ഏക്കത്തുക വർദ്ധിക്കുന്നതിനും കാരണമായിരുന്നു. വൻ തുക നല്കിയാണ് ഓരോ ദേശവും ആനകളെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്നിരുന്നത്. വനം വകുപ്പ് തിട്ടപ്പെടുത്തിയിട്ടുള്ള അളവും ഇവിടെ എഴുന്നള്ളിപ്പിനായുള്ള അളവും വ്യത്യാസം വരുന്നത് പലപ്പോഴും തർക്കങ്ങൾക്ക് വഴിവച്ചിരുന്നു. എറ്റവും ഉയരം കൂടിയ ആനയെ കൊണ്ടുവരുന്ന ദേശത്തിനായിരുന്നു ഇതുവരെ തിടമ്പ്. ഇനി നറുക്കെടുപ്പിലൂടെയാണ് തിടമ്പേറ്റുന്ന ദേശത്തെ തിരഞ്ഞെടുക്കുക. ഉത്സവ കൊടിയേറ്റ നാളിലാണ് അടുത്ത വർഷത്തേക്കുള്ള നറുക്കെടുപ്പ്. അടുത്ത വർഷത്തെ തിടമ്പേറ്റാനായി ഇത്തവണ നറുക്ക് വീണത് വടക്കുംമുറി ദേശത്തിനാണ്.