local

വടക്കെക്കാട്: ഐ.സി.എ വട്ടംപാടത്ത് ചെറുമകൻ വയോധികയെ കൊലപ്പെടുത്തി. തൊഴിക്കാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുക്കിയയെ (72) ആണ് മകളുടെ മകൻ സവാദ് (27) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ പ്രതി കൃത്യം നടത്തിയതിന് ശേഷം കുന്നംകുളം പൊലീസിൽ കീഴടങ്ങി. കുന്നംകുളം എ.സി.പി: സിനോജിന്റെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് വാതിൽ തുറന്നപ്പോഴാണ് സമീപവാസികൾ സംഭവം അറിയുന്നത്.

രാത്രി റുക്കിയയുടെ ബന്ധുവിന്റെ വീട്ടിലാണ് റുക്കിയ ഉറങ്ങാനായി പോകുന്നത്. അവിടെ നിന്നും രാവിലെ സവാദിനൊടൊപ്പം ബൈക്കിലാണ് ഇവർ താമസ സ്ഥലത്തെത്തിയത്. രണ്ട് മാസത്തോളമായി സവാദ് റുക്കിയയുടെ കൂടെയാണ് താമസം. സവാദിന്റെ മാതാവുമായി റുക്കിയ അകന്നു കഴിയുകയായിരുന്നു, ചെർപ്പുളശ്ശേരിയിൽ സവാദിന്റെ സഹോദരിയുടെ കൂടെ താമസിക്കുന്ന സവാദിന്റെ മാതാവ് അടുത്തിടെ റുക്കിയയെ കാണാൻ വന്നതായി നാട്ടുകാർ പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നും മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നും ഇവരുടെ ബന്ധുക്കൾ പറയുന്നു.

നാല് വർഷം മുമ്പാണ് മാനസികാസ്വസ്ഥ്യമുള്ള റുക്കിയയുടെ മകൻ മരിക്കുന്നത്. ബന്ധുക്കളുടെ സഹായത്തോടെയാണ് റുക്കിയ കഴിഞ്ഞിരുന്നത്. വിദേശത്ത് നിന്നും നാട്ടിൽ തിരിച്ചെത്തി ജോലിക്കൊന്നും പോകാതെ നടക്കുകയായിരുന്നു പ്രതി. ഫോറൻസിക് ഓഫീസർ ഷാലു ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും, വടക്കെക്കാട് പൊലീസും സ്ഥലത്തെത്തി.