പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരിക്ക് സമീപം മെയിൻ റോഡിനോടു ചേർന്നുള്ള വാട്ടർ ടാങ്ക് ഭീഷണിയാകുന്നു. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും നിലം പൊത്താറായ നിലയിലാണ് ടാങ്ക്. കോൺക്രീറ്റ് എല്ലാം അടർന്നുവീണ് കമ്പികൾ പുറത്തായ നിലയിലാണ്. സമീപത്തെ നാല് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന ടാങ്കാണിത്. പമ്പിംഗ് സ്റ്റേഷൻ കാട് പിടിച്ച് ശോചനീയമായ അവസ്ഥയിലാണ്. മോട്ടോറും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. സമീപത്തെ ഓട്ടോ സ്റ്റാൻഡിനും കടകൾക്കും കാൽനടയാത്രക്കാർക്കുമാണ് ടാങ്ക് ഭീഷണിയാകുന്നത്. ഉപയോഗ ശൂന്യമായ ടാങ്ക് എത്രയും വേഗം പൊളിച്ച് മാറ്റണമെന്ന് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ആന്റോ തൊറയൻ ആവശ്യപ്പെട്ടു.