തൃശൂർ: രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്ക് വീണ്ടും അവസരം നൽകി സപ്ലൈകോ. സപ്ലൈകോ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ് സൈറ്റ് മാർച്ച് 18ന് രാവിലെ 11 മുതൽ മാർച്ച് 19ന് വൈകീട്ട് അഞ്ച് വരെ കർഷകർക്ക് തുറന്നു കൊടുക്കും. കോൾ ഡബിൾ ഉൾപ്പെടെ ഇനിയും രജിസ്റ്റർ ചെയ്യാൻ വിട്ടു പോയവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാനത്തെ അവസരമാണ് ഇതിലൂടെ നൽകുന്നത്. നെല്ല് സംഭരണത്തിനായി സപ്ലൈകോയുമായി 36 മില്ലുകളാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. സംഭരണത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 25നാണ് അവസാനിച്ചത്.
ജില്ലയിൽ ഇതിനകം 41,940 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. www.supplycopaddy.co.in എന്ന സൈറ്റ് വഴിയാണ് കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. ജനുവരി മുതൽ കൊയ്ത്ത് പ്രതീക്ഷിക്കുന്ന കർഷകർക്കാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. കർഷകന്റെ പേര്, മേൽവിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീർണ്ണം, സർവേ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ശാഖയുടെ പേര് (ഐ.എഫ്.എസ് കോഡ് ഉൾപ്പെടെ) തുടങ്ങിയ വിവരങ്ങളാണ് രജിസ്‌ട്രേഷന് ആവശ്യം. എൻ.ആർ.എ, എൻ.ആർ.ഒ, സീറോ ബാലൻസ് അക്കൗണ്ടുകൾ, ലോൺ അക്കൗണ്ടുകൾ, ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്‌ട്രേഷന് ഉപയോഗിക്കരുത്.